കെയ്ൻ പെനൽറ്റി പാഴാക്കി; ഇംഗ്ലണ്ടിനെ മടക്കിയയച്ച് ഫ്രാൻസ് സെമിയിൽ.!
ലോകകപ്പിൽ അരങ്ങേറിയ അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ്. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 17ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. അൻ്റോണിയോ ഗ്രീസ്മാൻ്റെ പാസ് സ്വീകരിച്ച് ബോക്സിന് വെളിയിൽ നിന്നും ഷുവേമാനി തൊടുത്ത നിലംപറ്റെയുള്ള ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ക്ഫോർഡിനെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതി അങ്ങനെ ഈയൊരു ഗോളിൻ്റെ ലീഡിൽ അവസാനിപ്പിക്കുവാൻ ഫ്രാൻസിനായി.
തുടർന്ന് രണ്ടാം പകുതിയിൽ 54ആം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് ഗോൾ മടക്കി. ബുക്കായോ സാക്കയെ ഷുവേമാനി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ഗോളാക്കി കൊണ്ട് ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചത്. താരത്തിൻ്റെ ബുള്ളറ്റ് കിക്ക് ലോറിസിന് ഒരവസരം പോലും നൽകിയില്ല. തുടർന്ന് സമനിലയിൽ നീങ്ങിയ മത്സരത്തിൽ 78ആം മിനിറ്റിൽ ഫ്രാൻസ് വിജയഗോൾ സ്വന്തമാക്കി. അൻ്റോണിയോ ഗ്രീസ്മാൻ ബോക്സിലേക്ക് നീട്ടിനൽകിയ മനോഹരമായൊരു ക്രോസിൽ നിന്നും ഒരു കിടിലൻ ഹെഡ്ഡറിലൂടെ ഒലിവെർ ജിറൂഡ് ആണ് ഫ്രഞ്ച് ടീമിനെ വീണ്ടും മുന്നിലെത്തിച്ചത്. എന്നാൽ 81ആം ഇംഗ്ലണ്ടിന് അനുകൂലമായി മത്സരത്തിൽ വീണ്ടും പെനൽറ്റി ലഭിക്കുകയുണ്ടായി. ഇത്തവണ മേസൺ മൗണ്ടിനെ തിയോ ഹെർണാണ്ടസ് ബോക്സിൽ വീഴ്ത്തിയതിനാണ് വാറിൻ്റെ സഹായത്തോടെ റഫറി പെനൽറ്റി വിധിച്ചത്.
പക്ഷേ കിക്ക് എടുത്ത ഹാരി കെയ്ന് പിഴച്ചു. താരത്തിൻ്റെ കിക്ക് പോസ്റ്റിന് വെളിയിലൂടെ പുറത്തേക്ക് ആണ് പോയത്. അതോടെ ഒപ്പമെത്താനുള്ള സുവർണാവസരവും ഇംഗ്ലണ്ടിന് നഷ്ടമായി. ശേഷിച്ച സമയം ഗോളിനായി ഇംഗ്ലീഷ് താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം വിഭലമാകുകയായിരുന്നു. ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവർ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി എന്നുവേണം പറയാൻ. ഈയൊരു മിന്നും വിജയത്തോടെ ഫ്രാൻസ് സെമിഫൈനലിലേക്ക് പ്രവേശിച്ചു. നിർണായക ഘട്ടത്തിൽ ലഭിച്ച പെനൽറ്റി പുറത്തേക്ക് അടിച്ചുകളഞ്ഞ ഹാരി കെയ്ൻ ഇംഗ്ലണ്ട് ടീമിൻ്റെ വില്ലനുമായി. കണ്ണീരോടെയാണ് കെയ്നും സംഘവും മൈതാനം വിട്ടത്.
എന്തായാലും തുടർച്ചയായ രണ്ടാം വട്ടവും ഫ്രഞ്ച് ടീമിന് സെമിഫൈനലിൽ യോഗ്യത നേടുവാൻ കഴിഞ്ഞു. വരും മത്സരം വിജയിച്ചാൽ വീണ്ടുമൊരു ഫൈനൽ കൂടി. ഡിസംബർ 15ന് പുലർച്ചെ 12.30ന് അരങ്ങേറുന്ന സെമിഫൈനൽ പോരാട്ടത്തിൽ മൊറോക്കോയാണ് ഫ്രാൻസിൻ്റെ എതിരാളികൾ. മറ്റൊരു സെമിയിൽ അർജൻ്റീന, ക്രൊയേഷ്യയേയും നേരിടും.