ഷൂട്ടൗട്ടിൽ വമ്പന്മാരായ സ്പെയിനെ കീഴടക്കി മൊറോക്കോ ക്വാർട്ടറിൽ.!
ലോകകപ്പിൽ തുടർച്ചയായ രണ്ടാം ദിനവും മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിന് ഞെട്ടിക്കുന്ന തോൽവി. മൊറോക്കോയാണ് സ്പാനിഷ് വമ്പന്മാരെ കീഴടക്കിയത്. അർ-റയ്യാനിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും ഗോൾരഹിത സമനിലയിൽ തുടർന്നതോടെ ഷൂട്ടൗട്ടിലേക്ക് മത്സരം നീളുകയായിരുന്നു. സ്പെയിന് വേണ്ടി കിക്ക് എടുത്ത 3 പേരും പെനൽറ്റി പാഴാക്കിയപ്പോൾ മൊറോക്കോ 4ൽ 3ഉം ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.
പാബ്ലോ സറാബിയ, കാർലോസ് സോളർ, സെർജിയോ ബുസ്ക്വെറ്റ്‌സ് തുടങ്ങിയവരാണ് സ്പെയിൻ്റെ കിക്കുകൾ പാഴാക്കിയത്. സറാബിയയുടെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ സോളർ, ബുസ്ക്വെറ്റ്‌സ് എന്നിവരുടെ കിക്കുകൾ കൃത്യമായ ഡൈവിലൂടെ മൊറോക്കൻ ഗോൾകീപ്പർ ബോനോ രക്ഷപ്പെടുത്തുകയായിരുന്നു. മൊറോക്കോക്കായി സബിരി, സയക്ക് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെനൗൺ എടുത്ത മൂന്നാം കിക്ക് ഉനായ് സിമോൺ തടുത്തിട്ടു. തുടർന്ന് നാലാം കിക്ക് ഹകിമി ഒരു പനേങ്ക കിക്കിലൂടെ വലയിലേക്ക് എത്തിച്ചപ്പോൾ പിറന്നത് പുതുചരിത്രം.
ഈയൊരു വമ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മൊറോക്കോക്കായി. അവർ ആദ്യമായാണ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. പരാജയം ഏറ്റുവാങ്ങിയ സ്പെയിൻ തുടരെ മൂന്നാം ടൂർണമെൻ്റിലാണ് പെനൽറ്റി ഷൂട്ടൗട്ടിൽ പുറത്താകുന്നത്. കഴിഞ്ഞ യൂറോ കപ്പിലും, കഴിഞ്ഞ ലോകകപ്പിലും സ്പെയിൻ പുറത്തായത് ഷൂട്ടൗട്ടിൽ തന്നെയായിരുന്നു. ഇതോടെ വീണ്ടും അവരെ അതേ നിർഭാഗ്യം വേട്ടയാടി.
നടക്കുവാൻ പോകുന്ന പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിജയികളെയാകും മൊറോക്കോ ക്വാർട്ടർ ഫൈനലിൽ നേരിടുക.
നിശ്ചിതസമയവും അധികസമയവും ഗോൾ നേടുവാനുള്ള നിരവധി അവസരങ്ങൾ സ്പെയിൻ മത്സരത്തിൽ തുറന്നെടുത്തെങ്കിലും ഉരുക്കുമതിൽ പോലെ നിന്ന മൊറോക്കൻ പ്രതിരോധം അതിനെല്ലാം തടയിടുകയായിരുന്നു. കേവലം ഒരു ഷോട്ട് മാത്രമാണ് അവർക്ക് ഓൺ ടാർഗറ്റിലേക്ക് അടിക്കുവാൻ സാധിച്ചത്. മറുവശത്ത് മൊറോക്കോയും കൗണ്ടർ അറ്റാക്കുകളിലൂടെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.
മൊറോക്കൻ ഗോൾ കീപ്പർ ബോനോയുടെ മിന്നും സേവുകളാണ് സ്പെയിൻ്റെ വിധിയെഴുതിയത്. ഈയൊരു പരാജയത്തോടെ ലോകകപ്പിലെ കിരീട ഫേവറേറ്റ്‌സുകളായി എത്തിയ സ്പെയിൻ അവസാന എട്ടിലേക്ക് പോലും കടക്കാൻ ആവാതെ തിരികെ മടങ്ങി.