ഗ്രൂപ്പ് ഘട്ടം പിന്നിട്ടു; ഇനി പ്രീക്വാർട്ടർ പൂരം.!
അങ്ങനെ ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പിന്നിട്ടിരിക്കുകയാണ്. ഇനിയാണ് ശെരിക്കുള്ള പൂരം. വിജയിച്ചവർ, തോറ്റവർ, സമനില വഴങ്ങിയവർ എന്നൊന്നുമില്ല… ജയിച്ചാൽ അകത്ത്, തോറ്റാൽ പുറത്ത്. ഇനിയങ്ങോട്ട് ഓരോ ആരാധകൻ്റെയും നെഞ്ചിടിപ്പ് കൂടുന്ന ദിവസങ്ങൾ ആകും കടന്നുപോകുക. ആത്മാർത്ഥമായി കാൽപന്തിനെ സ്നേഹിക്കുന്നവന് എങ്ങനെ നെഞ്ചിടിക്കാതിരിക്കും. തങ്ങളുടെ ഇഷ്ട ടീം പുറത്തു പോകുന്നത് കാണുവാൻ ആരും ആഗ്രഹിക്കില്ലല്ലോ. എന്തായാലും ഇനിയങ്ങോട്ടുള്ള മത്സരങ്ങളെല്ലാം അല്പം നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ്. ഗ്രൂപ്പ്ഘട്ട മത്സരങ്ങൾക്ക് ശേഷം ഇടവേളയില്ല എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ലോകകപ്പിനുണ്ട്. ഇന്നലെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. എന്നാൽ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെ ഇന്നുതന്നെ പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുകയാണ്.
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാർ ആയിരുന്ന നെതർലൻഡ്സും, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ ആയിരുന്ന യു.എസ്.എയും തമ്മിലാണ് ആദ്യ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് ഈയൊരു മത്സരം നടക്കുക. ശേഷം ഇന്ന് അർദ്ധരാത്രി 12.30 ന് അർജൻ്റീന-ഓസ്ട്രേലിയ മത്സരവും അരങ്ങേറുന്നുണ്ട്. വിശ്രമത്തിന് വേണ്ട സമയം ലഭിച്ചിട്ടില്ല എന്ന പരാതിയുമായാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ബുധനാഴ്ച ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിച്ച ഇരുടീമുകൾക്കും വ്യാഴം, വെള്ളി എന്നീ ദിവസങ്ങൾ മാത്രമാണ് വിശ്രമത്തിനായി ലഭിച്ചിട്ടുള്ളത്. രണ്ടു ടീമുകളുടെയും മാനേജർമാർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
“തങ്ങൾ റോബോട്ടുകൾ അല്ല” എന്നായിരുന്നു ഓസ്ട്രേലിയൻ കോച്ചായ ഗ്രഹാം അർനോൾഡ് പ്രതികരിച്ചത്. അതേസമയം “ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിട്ടും ഇതാണ് അവസ്ഥ” എന്നായിരുന്നു അർജൻ്റൈൻ കോച്ചായ സ്‌കലോണിയുടെ പ്രതികരണം. എന്നിരുന്നാലും മത്സരങ്ങളിൽ ഒന്നുംതന്നെ മാറ്റങ്ങളില്ല. ഇരു ടീമുകളും ഇന്ന് രാത്രിയിൽ നടക്കുന്ന രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ ഏറ്റുമുട്ടും.
എന്തായാലും നമുക്ക് പ്രീക്വാർട്ടർ മത്സരങ്ങൾ ഒന്ന് പരിശോധിക്കാം;
• Netherlands vs USA
• Argentina vs Australia
• France vs Poland
• England vs Senagal
• Japan vs Croatia
• Brazil vs South Korea
• Morocco vs Spain
• Portugal vs Switzerland
ഇതാണ് ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ. ഒന്ന് വിലയിരുത്തിയാൽ വമ്പൻ ടീമുകൾക്ക് എല്ലാം തന്നെ താരതമ്യേന ചെറിയ എതിരാളികളെ തന്നെയാണ് ലഭിച്ചിട്ടുള്ളത്. എന്നാലും ഇതിനോടകം തന്നെ നിരവധി അട്ടിമറികൾ ഖത്തറിൽ സംഭവിച്ചിട്ടുള്ളതിനാൽ കരുതി തന്നെയാവും എല്ലാവരും കളത്തിലിറങ്ങുക. പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് മത്സരമാണ് ഉള്ളതിൽ അല്പം കട്ടിയായി കണക്കാക്കാവുന്നത്. ഇനിയും അട്ടിമറികൾ സംഭവിച്ചേക്കാം. ആ രീതിയിൽ ആണ് ഖത്തറിൽ കാര്യങ്ങൾ മുമ്പോട്ട് പോകുന്നത്.
നെതർലൻഡ്സ്-യുഎസ്എ മത്സരത്തിലെ വിജയികൾ അർജൻ്റീന-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെയും, ഇംഗ്ലണ്ട്-സെനഗൽ മത്സരത്തിലെ വിജയികൾ ഫ്രാൻസ്-പോളണ്ട് മത്സരത്തിലെ വിജയികളെയും, ജപ്പാൻ-ക്രൊയേഷ്യ മത്സര വിജയികൾ ബ്രസീൽ-സൗത്ത് കൊറിയ മത്സരത്തിലെ വിജയികളെയും, മൊറോക്കോ-സ്പെയിൻ മത്സരത്തിലെ വിജയികൾ പോർച്ചുഗൽ-സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിജയികളെയുമാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നേരിടുക. അതായത്, കാണുവാൻ പോകുന്നതിനേക്കാൾ വലുതാണ് വരാനിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ബലാബലമുള്ള വമ്പൻ പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനൽ മുതലാകും കാണുവാൻ കഴിയുക. എന്തായാലും ആര് വീഴും… ആര് വാഴും എന്നെല്ലാമറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.