സൗത്ത് കൊറിയൻ പരീക്ഷണത്തിനായി ഉറുഗ്വായ് ഇന്നിറങ്ങുന്നു.!
തുടർച്ചയായ 2 ദിവസം ഇപ്പൊൾ ഖത്തറിൽ അട്ടിമറി പിറന്നിരുന്നു. ഏഷ്യൻ ടീമുകളാണ് 2 മത്സരങ്ങളിലും വിജയിച്ചത്. ഇപ്പോഴിതാ മറ്റൊരു ഏഷ്യൻ ടീം ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സൗത്ത് കൊറിയ ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായെ നേരിടും. സൗത്ത് കൊറിയയെ സമ്പന്ധിച്ചിടത്തോളം കരുത്തുറ്റ ടീമാണ് ഉറുഗ്വായ്. എന്നിരുന്നാലും ഏഷ്യൻ ടീമുകൾ തിളങ്ങുന്ന സാഹചര്യത്തിൽ കൊറിയയും മിന്നുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. വെറ്ററൻ താരങ്ങളായ ലൂയിസ് സുവാരസ്, എഡിൻസൺ കവാനി, ഡിയേഗോ ഗോഡിൻ എന്നിവരെ കൂടാതെ ഡാർവിൻ ന്യൂനെസ്, ഫെദേ വൽവെർദെ, റോഡ്രിഗോ ബെൻ്റങ്കർ, ജോസെ മരിയ ജിമിനെസ്, റൊണാൾഡ് അരൗഹോ തുടങ്ങിയ സൂപ്പർ താരങ്ങളും ഉറുഗ്വെയൻ നിരയിലുണ്ട്. അതുകൊണ്ടുതന്നെ സൗത്ത് കൊറിയയ്ക്ക് ഭയപ്പെടാതെ നിർവാഹമില്ല.
അതേസമയം കൊറിയൻ നിരയിൽ സൺ ഹ്യുങ് മിൻ ഒഴികെയുള്ളവർ ആരും അത്ര പോപുലർ അല്ല. എന്നിരുന്നാലും ഉറുഗ്വായ്ക്ക് ചെറിയ വെല്ലുവിളി എങ്കിലും ഉയർത്താൻ അവർക്ക് കഴിയും. എന്തായാലും കൊറിയൻ പട്ടാളം ഏഷ്യൻ അട്ടിമറി തുടരുമോ.. അതോ ഉറുഗ്വായ് ലാറ്റിൻ അമേരിക്കൻ വസന്തം തീർക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.