കരുത്ത് കാട്ടാൻ നെതർലൻഡ്സ്; തടുത്ത് നിർത്താൻ സെനഗൽ.!
കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടുവാൻ കഴിയാതിരുന്നതിൻ്റെ കേട് തീർക്കുവാൻ ഓറഞ്ച് പട ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ ആണ് നെതർലൻഡ്സിൻ്റെ എതിരാളികൾ. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. 2010 ലോകകപ്പിൽ റണ്ണർഅപ്പും 2014 ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരും ആയ നെതർലൻഡ്സിന് പക്ഷേ 2018ലെ ലോകകപ്പിന് യോഗ്യത നേടുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ പൂർവാധികം ശക്തിയോടെ അവർ തിരിച്ചെത്തി. വാൻ ഡെയ്ക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും, ഡിജോങ് നിയന്ത്രിക്കുന്ന മധ്യനിരയും, ഡിപെയ് നയിക്കുന്ന ആക്രമണനിരയും സെനഗലിനെ വിറപ്പിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. അതേസമയം മറുവശത്ത് സൂപ്പർതാരമായ സാദിയോ മാനെ പരിക്കേറ്റ് ലോകകപ്പിൽ നിന്നും പുറത്തായത് സെനഗലിനെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
എന്നിരുന്നാലും കാലിദോ കൗളിബാലിയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കൻ ശക്തികളെ ഓറഞ്ച്പട അല്പം ഭയക്കേണ്ടതുണ്ട്. യൂറോപ്പിലെ ടോപ് ഡിവിഷൻ ലീഗുകളിൽ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങൾ സെനഗൽ നിരയിലുണ്ട്. ദുർബലരായ ഖത്തറിനെ ഒഴിച്ച് നിർത്തിയാൽ ഇക്വഡോർ, സെനഗൽ, നെതർലൻഡ്സ് ഇതിൽ ആർക്ക് വേണമെങ്കിലും പ്രീ-ക്വാർട്ടർ പ്രവേശനം നേടാം എന്നിരിക്കെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും നെതർലൻഡ്സിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഒരു സമനില എങ്കിലും നേടാൻ കഴിഞ്ഞാൽ സെനഗലിന് അത് വലിയൊരു നേട്ടമാകും.