ഖത്തർ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇക്വഡോർ
ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോര്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് ഇക്വഡോറിനായി തിളങ്ങിയത്.
ഇരു ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഏഷ്യൻ പടയ്ക്ക് മറുപടിയില്ലാതെ പോവുകയായിരുന്നു. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു.
എക്വഡോറിന്റെ നിരന്തര ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു ഖത്തറിന്റെ പ്രധാന ചുമതല. അല്‍മോയസ് അലിയുടെ ഏതാനും ഷോട്ടുകളും മുഹമ്മദ് മുണ്ടാരിയുടെ ഒരു ഷോട്ടും ഒഴിച്ചുനിര്‍ത്തിയാല്‍ എക്വഡോര്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ആതിഥേയരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.