കാത്തിരിപ്പിന് വിരാമം; ഖത്തറിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം.!
നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഖത്തറിൽ ലോകകപ്പിന് കിക്കോഫ് ആകുകയാണ്. 2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം ഈയൊരു ദിവസം ഒന്നു പെട്ടെന്ന് എത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അങ്ങനെ ലോകമെമ്പാടും ഉള്ള ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് അൽ ഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടക്കുന്ന മത്സരത്തോടെയാണ് 2022 ലോകകപ്പിന് ഔദ്യോഗികമായി ആരംഭം കുറിക്കുന്നത്. ഇതിന് മുന്നോടിയായുള്ള ആഘോഷ പരിപാടികൾ വൈകിട്ട് 7.30 ന് തന്നെ ആരംഭിക്കും. 2 മണിക്കൂർ നീളുന്ന ഉദ്ഘാടന ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഒക്കെ ശേഷമായിരിക്കും ആദ്യ മത്സരത്തിന് കിക്കോഫ് ആകുക.
ഇന്ന് മുതൽ ഡിസംബർ 18 വരെ ഖത്തറിൽ മാത്രമല്ല ലോകമെങ്ങും ഫുട്ബോൾ ലഹരിയിൽ മയങ്ങുന്ന ദിനങ്ങൾ ആയിരിക്കും കടന്നു പോവുക. എന്തായാലും വെറും മണിക്കൂറുകൾ മാത്രമാണ് ഈയൊരു പൂരത്തിൻ്റെ കൊടിയേറ്റത്തിനായി ഇനി ബാക്കിയുള്ളത്. ആകാംഷയോടെ കാത്തിരിക്കാം, കൺകുളിർക്കെ ആസ്വദിക്കാം.