ലേലത്തിന് മുന്നോടിയായി അജിങ്ക്യ രഹാനെ ഉൾപ്പടെയുള്ള 16 താരങ്ങളെ കൈവിട്ട് കെകെആർ
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി അജിങ്ക്യ രഹാനെ ഉൾപ്പടെയുള്ള 16 താരങ്ങളെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുഹമ്മദ് നബി, ആരോണ്‍ ഫിഞ്ച്, ചാമിക കരുണരത്നെ, യുവതാരം ശിവം മാവി എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. അതിൽ പാറ്റ് കമ്മിന്‍സും അലക്സ് ഹെയ്ൽസും സ്വമേധയാ പിന്മാറുകയായിരുന്നു.
7.05 കോടി രൂപയാണ് കൊല്‍ക്കത്തയുടെ പക്കൽ മിനി ലേലത്തിന് മുന്നോടിയായി അവശേഷിക്കുന്നത്. 11 താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുള്ളപ്പോള്‍ മൂന്ന് വിദേശികളുടെ സ്ലോട്ടും കെകെആറിന് ഉപയോഗപ്പെടുത്താനാവും. ശർദ്ദുല്‍ താക്കൂർ, റഹ്മാനുള്ള ഗുർബാസ്, ലോക്കീ ഫെര്ഗ്യൂസന് എന്നിവരെ കെകെആർ ട്രേഡിംഗിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.
താക്കൂർ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും മറ്റ് രണ്ടുപേർ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് വരുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യർക്കൊപ്പം നിതീഷ് റാണ, വെങ്കടേഷ് അയ്യർ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, അനുകുല്‍ റോയി, റിങ്കു സിംഗ് എന്നിവരും വരും സീസണില്‍ കൊല്‍ക്കത്തന്‍ നിരയില്‍ കാണും. ഹെയ്ല്‍സ്, ഫിഞ്ച്, രഹാനെ എന്നിവർക്ക് പകരം ടോപ് ഓർഡർ ബാറ്റർമാരെ കണ്ടെത്തുകയാവും ലേലത്തില്‍ ടീമിന് മുന്നിലുള്ളത്. കമ്മിന്‍സിന്റെ പകരക്കാരനായാവും ഫെര്ഗ്യൂസന് കളിക്കുക.