ഒഡേഗാർഡിൻ്റെ ഇരട്ടഗോൾ മികവിൽ വോൾവ്സിനെയും കീഴടക്കി ഗണ്ണേഴ്സ്.!
ഇംഗ്ലീഷ് പ്രീമിയർലീഗിൽ ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ വോൾവെറാംപ്ടൺ വാണ്ടറേഴ്സിനെതിരെ ടേബിൾ ടോപ്പേഴ്സായ ആഴ്സനലിന് വിജയം. മോളിന്യൂവെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആർട്ടേറ്റയും സംഘവും ജയിച്ചുകയറിയത്. ഇരട്ടഗോളുകൾ നേടി കളം നിറഞ്ഞത് നോർവീജിയൻ താരം മാർട്ടിൻ ഒഡേഗാർഡ് ആയിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളുടേയും പിറവി. 58ആം മിനിറ്റിൽ ഫാബിയോ വിയേരയുടെ ക്രോസിൽ നിന്നുമാണ് ഒഡേഗാർഡ് ആദ്യ ഗോൾ കണ്ടെത്തിയത്. ഈയൊരു ഗോളിൽ ലീഡ് നേടിയ ഗണ്ണേഴ്സ് 75 ആം മിനിറ്റിൽ രണ്ടാം ഗോളും സ്വന്തമാക്കി. ഇത്തവണ സിഞ്ചെങ്കോ നൽകിയ ക്രോസ് വോൾവ്സ് ക്ലിയർ ചെയ്തു. പന്ത് ബോക്സിനുള്ളിൽ നിന്ന മാർട്ടിനെല്ലിയുടെ കാലിലേക്ക്. താരത്തിൻ്റെ ഷോട്ടും ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാൽ രണ്ടാമത് പന്ത് എത്തിയത് ഒഡേഗാർഡിൻ്റെ കാലുകളിലേക്ക് ആയിരുന്നു. താരത്തിന് പിഴച്ചില്ല. സ്കോർ 2-0. ഇതോടെ തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കുവാനും താരത്തിന് സാധിച്ചു.
കൂടുതൽ ഗോളുകൾ നേടുവാൻ ആർട്ടേറ്റയുടെ ശിഷ്യന്മാർക്ക് കഴിയുമായിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ടുമാത്രം 2 ഗോളിൽ ഒതുങ്ങി പോയി. ഗബ്രിയേൽ ജീസസ് എടുത്ത ഷോട്ട് ക്രോസ് ബാറിൽ തട്ടിയായിരുന്നു മടങ്ങിയത്. എന്തായാലും ഈയൊരു വിജയത്തോടെ ഒന്നാം സ്ഥാനത്തെ തങ്ങളുടെ ലീഡ് 5 ആയി വർധിപ്പിക്കാൻ ഗണ്ണേഴ്സിന് സാധിച്ചു. 14 മത്സരങ്ങളിൽ നിന്നും 37 പോയിൻ്റാണ് അവരുടെ സമ്പാദ്യം. 15 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റ് മാത്രം കൈവശമുള്ള വോൾവ്സ് ഏറ്റവും അവസാന സ്ഥാനത്താണ്.






































