ബ്രെൻ്റ്ഫോർഡിൻ്റെ പ്രത്യാക്രമണത്തിൽ അടിതെറ്റി സിറ്റി.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെൻ്റ്ഫോർഡിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരമായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് പെപ്പിനും സംഘത്തിനും അപ്രതീക്ഷിത തിരിച്ചടിയായി. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമായിരുന്നു ഇത്. എന്നാലത് വിജയത്തോടെ അവസാനിപ്പിക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല. മത്സരത്തിൽ ഇംഗ്ലീഷ് താരം ഇവാൻ ടോണി ഇരട്ടഗോൾ നേടി. താരത്തെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്ന സൗത്ത് ഗേറ്റിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രകടനമാണ് ടോണി മത്സരത്തിൽ പുറത്തെടുത്തത്. മത്സരത്തിൻ്റെ 16ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. ബ്രെൻ്റ്ഫോർഡ് തന്നെയാണ് ലീഡ് എടുത്തത്. സ്വന്തം ഹാഫിൽ നിന്നും ഗോൾകീപ്പർ രായ എടുത്ത ഫ്രീകിക്ക് പ്രതിരോധ താരം ബെൻ മീ ഒരു ഹെഡ്ഡിലൂടെ ടോണിക്ക് മറിച്ചു നൽകി. മറ്റൊരു ഹെഡ്ഡറിലൂടെ താരം എഡേർഴ്സണെ മറികടന്ന് പന്ത് വലയിലാക്കി.
തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫോഡനിലൂടെ സിറ്റി തിരിച്ചടിച്ചു. ഡിബ്രുയ്ൻ എടുത്ത കോർണർ കിക്ക് മാനുവേൽ അക്കാഞ്ഞിയിലൂടെ ഫോഡൻ്റെ കാലുകളിലേക്ക് എത്തി. താരത്തിൻ്റെ കരുത്തുറ്റ ഇടംകാലൻ ഷോട്ട് പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അതോടെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ വിജയഗോൾ നേടുവാനായി ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. ഭൂരിഭാഗം നേരവും പന്ത് കൈവശം വെച്ചതും ആക്രമണം നടത്തിയതും സിറ്റി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് ഉള്ള പ്രത്യാക്രമണങ്ങളിലൂടെ ആയിരുന്നു ബ്രെൻ്റ്ഫോർഡിൻ്റെ മറുപടി. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ 8ആം മിനിറ്റിൽ അതുപോലൊരു പ്രത്യാക്രമണത്തിലൂടെ ബ്രെൻ്റ്ഫോർഡ് വിജയഗോൾ കണ്ടെത്തി. സിറ്റിയുടെ ആക്രമണത്തിനിടയിൽ പന്ത് തട്ടിയെടുത്ത യോനെ വിസാ അതിവേഗം സിറ്റി ബോക്സിലേക്ക് കുതിച്ചു. ശേഷം പന്ത് ഡാ സിൽവയ്ക്ക് മറിച്ചു നൽകി. താരത്തിൻ്റെ കൃത്യതയാർന്ന ക്രോസ് ഒരു മികച്ച ഫിനിഷിലൂടെ ടോണി വലയിലാക്കി. സ്കോർ 2-1. ഇതിന് പുറകെ തന്നെ മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ ഹാട്രിക് സ്വന്തമാക്കാൻ ടോണിക്ക് അവസരം ലഭിച്ചെങ്കിലും ഒരു ഗോൾലൈൻ സേവിലൂടെ ഡിബ്രുയ്ൻ സിറ്റിയെ രക്ഷിച്ചു. അങ്ങനെ ഒടുവിൽ 2-1 എന്ന സ്കോറിന് സന്ദർശകരായ ബ്രെൻ്റ്ഫോർഡ് സിറ്റിക്ക് മേൽ വിജയം സ്ഥാപിക്കുകയായിരുന്നു.
മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച സിറ്റിക്ക് ലഭിച്ച അവസരങ്ങൾ ഒന്നും ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. സൂപ്പർതാരം ഹാലണ്ട് നിറംമങ്ങിയതും ആതിഥേയർക്ക് നിരാശയായി. ഈയൊരു പരാജയത്തോടെ ടേബിളിൽ ആഴ്സനലിനെ മറികടക്കാനുള്ള അവസരം പെപ്പിനും സംഘത്തിനും നഷ്ടമായി. 14 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റുമായി അവർ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 15 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രെൻ്റ്ഫോർഡ് 19 പോയിൻ്റുമായി 10ആം സ്ഥാനത്തേക്ക് പ്രവേശിച്ചു.