അടുത്ത ഐപിഎൽ സീസണിൽ മുംബൈ കുപ്പായത്തിൽ പൊള്ളാർഡില്ല, ജഡേജയെ നിലനിർത്തി സിഎസ്കെ
ഐപിഎല്‍ ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയോട് അടുക്കെ നിലര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ബിസിസിഐക്ക് സമര്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായിരുന്ന കെയ്റോണ്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കിയെന്നതാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വാർത്ത.
മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളിലും മുഖ്യ പങ്കുവഹിച്ച പൊള്ളാര്‍ഡ് 2010 മുതല്‍ ടീമിന്റെ വിശ്വസ്ത താരമായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തിളങ്ങാനായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സാകട്ടെ നാല് താരങ്ങളെ ഒഴിവാക്കിയപ്പോള്‍ നായകന് എം എസ് ധോണിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നിലിനിര്ത്തിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഒമ്പത് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ നാലു കളിക്കാരെയാണ് സിഎസ്കെ ഒഴിവാക്കിയത്. ധോണി, രവീന്ദ്ര ജഡേജ, മൊയീന്‍ അലി, ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വെ, മുകേഷ് ചൗധരി, ഡ്വയിന്‍ പ്രിട്ടോറിയസ്, ദീപക് ചാഹര്‍ എന്നിവരെയാണ് ചെന്നൈ പതിനാറാം സീസണ് മുമ്പ് നിലനിര്‍ത്തിയത്. ക്രിസ് ജോര്‍ദ്ദാന്‍, ആദം മില്‍നെ, എന്‍ ജഗദീശന്, മിച്ചല്‍ സാന്റനര്‍ എന്നിവരെയാണ് ചെന്നൈ ഒഴിവാക്കിയത്.