ഹൈദരാബാദിൻ്റെ തേരോട്ടത്തിനു മുന്നിൽ ജംഷഡ്പൂരും വീണു.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദിന് വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ ഒരു ഗോളിനാണ് മനോലോ മാർക്കസിൻ്റെ ശിഷ്യന്മാർ ആതിഥേയരെ തറപറ്റിച്ചത്. അത്യന്തം വാശിയേറിയ പോരാട്ടം തന്നെയാണ് മത്സരത്തിൽ ഇരുടീമുകളും പുറത്തെടുത്തത്. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ഹൈദരാബാദ് ആയിരുന്നെങ്കിലും കൂടുതൽ ഗോൾ ശ്രമങ്ങൾ നടത്തിയത് ആതിഥേയരായ ജംഷഡ്പൂർ തന്നെയായിരുന്നു. എന്നിരുന്നാലും ഗോളുകൾ ഒന്നുംതന്നെ ആദ്യപകുതിയിൽ പിറന്നില്ല. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് 3 മിനിറ്റ് പൂർത്തിയായപ്പോഴേക്കും സന്ദർശകർ വലകുലുക്കി. ഇന്ത്യൻ ഇൻ്റർനാഷണൽ താരം മൊഹമ്മദ് യാസിർ ആണ് ഹൈദരാബാദിനായി സ്കോർ ചെയ്തത്. ബോക്സിനുള്ളിലേക്ക് ഒഗ്ബെച്ചെയെ കണ്ടെത്തുവാനായി ഹോളിചരൺ നൽകിയ ക്രോസ് ജംഷഡ്പൂർ പ്രതിരോധത്തിൽ തട്ടി യാസിറിൻ്റെ കാലുകളിലേക്ക് വരികയായിരുന്നു. താരത്തിൻ്റെ നിലംപറ്റെയുള്ള ഇടംകാലൻ ഷോട്ട് മലയാളി ഗോൾകീപ്പർ രെഹനേഷിനെ മറികടന്നുകൊണ്ട് വലയിൽ പതിച്ചു.
അതിന് ശേഷം മത്സരത്തിലേക്ക് തിരിച്ചു വരുവാനായി ജംഷഡ്പൂർ ആവുന്നത്ര പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. ചീമയ്ക്കും, ബോറിസിനും, സോയെർക്കുമൊക്കെ മത്സരത്തിൽ ഗോൾ നേടുവാനുള്ള അവസരങ്ങൾ ലഭിച്ചതാണ്. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. ഏറ്റവുമൊടുവിൽ ഇഞ്ചുറി ടൈമിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അനായാസം ഗോൾ നേടുവാൻ കഴിയുന്ന അവസരം ഇഷാൻ പണ്ഡിതയും പാഴാക്കി. അതിനുപുറകെ തന്നെ മത്സരത്തിന് തിരശ്ശീലയും വീണു. അങ്ങനെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പൂരിനെ അവരുടെ തട്ടകത്തിൽ വെച്ച് കീഴ്പ്പെടുത്തുവാൻ ഹൈദരാബാദിന് കഴിഞ്ഞു. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഹൈദരാബാദ് ക്ലീൻ ഷീറ്റുമായി മടങ്ങുന്നത്. അതോടൊപ്പം തുടർച്ചയായ 4ആം മത്സരത്തിലാണ് അവർ 1-0 എന്ന സ്കോറിന് വിജയിക്കുന്നത്. എന്തായാലും ഈയൊരു വിജയത്തോടെ ടേബിളിൽ ഒന്നാം സ്ഥാനം വ്യക്തമായ ലീഡോടെ നിലനിർത്തുവാൻ നിലവിലെ ചാമ്പ്യന്മാർക്ക് സാധിച്ചു. 6 മത്സരങ്ങളിൽ നിന്നും 16 പോയിൻ്റാണ് മനോലോ മാർക്കസിൻ്റെയും സംഘത്തിൻ്റെയും സമ്പാദ്യം. 5 മത്സരങ്ങളിൽ നിന്നും കേവലം 4 പോയിൻ്റ് മാത്രമായി 9ആം സ്ഥാനത്താണ് നിലവിലെ ഷീൽഡ് വിന്നേഴ്സ് ആയ ജംഷഡ്പൂർ. മത്സരത്തിലുടനീളം ജംഷഡ്പൂർ ആക്രമണത്തിന് മുന്നിൽനിന്നും തടയിട്ട ഹൈദരാബാദ് പ്രതിരോധഭടൻ ഒടെയ് ഒനയിന്ത്യയാണ് മത്സരത്തിലെ താരം.