അത്ലറ്റിക്കോയ്ക്ക് സമനില; ശാപം വിട്ടൊഴിയുന്നില്ല.!
ലാ ലിഗയിൽ മുൻ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് സമനില. എസ്പാന്യോളാണ് അത്ലറ്റിക്കോയെ 1-1 ന് സമനിലയിൽ പൂട്ടിയത്. അതോടെ ജയിക്കാൻ കഴിയാതെ ഒരു മത്സരം കൂടി സിമിയോണിക്ക് മുന്നിലൂടെ കടന്നുപോയി. 26ആം മിനിറ്റിൽ എസ്പാന്യോൾ താരം ലിയാൻഡ്രോ കാബ്രേറ റെഡ് കാർഡ് കിട്ടി പുറത്തുപോയതിനാൽ ശേഷിച്ച സമയം 10 പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്. എന്നിട്ടും ഈയൊരു അവസരം മുതലെടുക്കുവാൻ അത്ലറ്റിക്കോയ്ക്ക് കഴിഞ്ഞില്ല. അത്ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 2 ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 62ആം മിനിറ്റിൽ സന്ദർശകരാണ് ആദ്യം ഗോൾ നേടിയത്. ജൊസേലുവിൻ്റെ പാസിൽ നിന്നും സെർജി ദാർദർ ആണ് എസ്പാന്യോളിനായി വലകുലുക്കിയത്. 10 പേരായി ചുരുങ്ങിയിട്ടും മത്സരത്തിൽ ലീഡ് നേടുവാൻ കഴിഞ്ഞത് എസ്പാന്യോൾ ടീമിന് വലിയൊരു നേട്ടമാണ്. തുടർന്ന് 78ആം മിനിറ്റിൽ തോമസ് ലെമറിൻ്റെ പാസ് സ്വീകരിച്ച് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ജൊവാവോ ഫെലിക്സ് ആണ് ആതിഥേയരെ ഒപ്പമെത്തിച്ചത്. ശേഷിച്ച സമയം ഒരു വിജയഗോളിനായി അവർ ആവുന്നത്ര പൊരുതിയെങ്കിലും എല്ലാം വിഫലമായി. അതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.
മത്സരത്തിലാകെ 27 ഷോട്ടുകളാണ് അത്ലറ്റിക്കോ പായിച്ചത്. അതിൽ 7 എണ്ണം മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് പോയത്. ലക്ഷ്യ സ്ഥാനത്ത് എത്തിയത് ഒരെണ്ണവും. എസ്പാന്യോൾ കീപ്പറും ഗോൾ വലയത്തിന് മുന്നിൽ മികച്ച പ്രകടനം പുറത്തെടുത്തു. അവരുടെ ടീമിന് വിജയത്തോളം പോന്ന സമനിലയാണ് ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഈയൊരു സമനിലയോടെ 13 മത്സരങ്ങളിൽ നിന്നും 24 പോയിൻ്റുമായി അത്ലറ്റിക്കോ 4ആം സ്ഥാനത്ത് തന്നെ തുടരുന്നു. അത്രയും മത്സരങ്ങളിൽ നിന്നും 12 പോയിൻ്റ് മാത്രം കൈവശമുള്ള എസ്പാന്യോൾ 16ആം സ്ഥാനത്താണ്.