സഹലിന് ഡബിൾ; നോർത്ത്ഈസ്റ്റിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. നോർത്ത്ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് ഇരട്ടഗോൾ നേടിയപ്പോൾ ശേഷിച്ച ഗോൾ സ്വന്തമാക്കിയത് ഗ്രീക്ക് ഇൻ്റർനാഷണൽ താരം ദിമിത്രി ദയമൻ്റാക്കോസ് ആണ്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്. ആക്രമണത്തിന് വലിയ താൽപര്യമില്ലാത്ത മനോഭാവമാണ് ഇരുടീമുകളും ആദ്യ പകുതിയിൽ പുറത്തെടുത്തത്. തുടർന്ന് രണ്ടാം പകുതിയുടെ 56ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. നോർത്ത്ഈസ്റ്റ് പ്രതിരോധത്തിൽ നിന്നും പിടിച്ചെടുത്ത ബോൾ മലയാളി താരം രാഹുൽ കെ.പി സൗരവ് മോണ്ടെലിന് ബോക്സിലേക്ക് നീട്ടി നൽകി. താരത്തിൻ്റെ മികച്ചൊരു ക്രോസ് ഒരു സ്ലൈഡിങ് ഷോട്ടിലൂടെ ഡയമൻ്റാക്കോസ് വലയിലാക്കി. സ്കോർ 1-0. തുടർന്നാണ് സഹൽ സബ്സ്റ്റിറ്റ്യൂട്ട് ആയിക്കൊണ്ട് കളത്തിലേക്ക് വരുന്നത്. ശേഷം ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണം ഒന്നുകൂടി കൊഴുത്തു. തുടർന്ന് 85ആം മിനിറ്റിൽ രാഹുലിൻ്റെ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ സഹൽ ടീമിൻ്റെ രണ്ടാം ഗോൾ സ്വന്തമാക്കി. സഹലിൻ്റെ ഷോട്ട് നോർത്ത്ഈസ്റ്റ് കീപ്പർ മിർഷാദ് തടുക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി.
എന്നാൽ അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം സന്ദീപ് സിംഗിൻ്റെ ക്രോസിൽ നിന്നും സഹൽ തൻ്റെ ഇരട്ടഗോളും ടീമിൻ്റെ മൂന്നാം ഗോളും സ്വന്തമാക്കി. അതിനുപുറകെ തന്നെ റഫറി മത്സരത്തിൻ്റെ അവസാന വിസിൽ മുഴക്കി. ഇതോടെ എതിരില്ലാത്ത 3 ഗോളുകൾക്ക് നോർത്ത്ഈസ്റ്റിനെ അവരുടെ മൈതാനത്ത് വെച്ച് കീഴ്പ്പെടുത്തുവാൻ ഇവാനും സംഘത്തിനും കഴിഞ്ഞു. വിദേശ താരം ഫിലിപ്പത്തുവിൻ്റെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി തെറിച്ചതും, ബ്ലാസ്റ്റേഴ്സ് കീപ്പർ ഗില്ലിനെ വരെ മറികടന്നുകൊണ്ടുള്ള എമിൽ ബെന്നിയുടെ മുന്നേറ്റം സന്ദീപിൻ്റെ കരുത്തിൽ ബ്ലാസ്റ്റേഴ്സ് തടുത്ത് നിർത്തിയതുമെല്ലാം മത്സരത്തിൽ നോർത്ത്ഈസ്റ്റിനു വിനയായി. എന്തായാലും ഈയൊരു വിജയത്തോടെ 5 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റ് നേടിയ ബ്ലാസ്റ്റേഴ്സ് 7ആം സ്ഥാനത്തേക്ക് കയറി. കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട നോർത്ത്ഈസ്റ്റ് അവസാന സ്ഥാനത്താണ്.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുകയും ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്ത രാഹുൽ കെ.പിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.