2 റെഡ് കാർഡുകൾ; ഒടുവിൽ ഈസ്റ്റ്ബംഗാളിനെ മറികടന്ന് ചെന്നൈയിൻ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 റെഡ് കാർഡുകൾ പിറന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിൻ എഫ്സിക്ക് വിജയം. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സന്ദർശക ടീമായ ചെന്നൈയിൻ ജയിച്ചുകയറിയത്. മത്സരത്തിൽ ഇരുടീമുകൾക്കും ഓരോ റെഡ്കാർഡ് വീതം ലഭിച്ചു. അതോടെ 10 പേരുമായാണ് ഇരുടീമുകളും മത്സരം പൂർത്തിയാക്കിയത്. ആദ്യപകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. പന്തടക്കത്തിലും ആക്രമണത്തിലും എല്ലാംതന്നെ ചെന്നൈയിൻ ആണ് മുന്നിട്ടുനിന്നത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് ചെന്നൈയുടെ ഗോൾ പിറക്കുന്നത്. 69ആം മിനിറ്റിൽ ആകാശ് സാംഗ്വാൻ എടുത്ത കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ചെന്നൈയുടെ ഇറാനിയൻ സെൻ്റർ ബാക്ക് താരം വാഫ ഹഖാമനേഷിയാണ് സന്ദർശകർക്കായി വലകുലുക്കിയത്. അതോടെ മത്സരം പൂർണമായും ചെന്നൈയുടെ കയ്യിലായി. എന്നാൽ 1 മിനിട്ടിൻ്റെ വ്യത്യാസത്തിൽ ഗോൾ നേടിയ ഹഖാമനേഷി തന്നെ രണ്ടാം മഞ്ഞ കാർഡിലൂടെ റെഡ് കാർഡ് കണ്ടു പുറത്തുപോയത് അപൂർവ കാഴ്ചയായി. പക്ഷേ ഈയൊരു ആനുകൂല്യം മുതലെടുക്കാൻ ആതിഥേയർക്ക് കഴിഞ്ഞില്ല. 74ആം മിനിറ്റിൽ ഈസ്റ്റ് ബംഗാളിൻ്റെ സർഥക്ക് ഗൊളോയിയും രണ്ടാം മഞ്ഞ കാർഡിലൂടെ റെഡ് കാർഡ് കിട്ടി പുറത്തു പോയതോടെ ഇരുടീമുകളും എണ്ണത്തിൽ തുല്യരായി. ചെന്നൈയിൻ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പയെ ഫൗൾ ചെയ്തതിനാണ് ഗൊളോയിക്ക് കാർഡ് ലഭിച്ചത്.
പിന്നീടുള്ള സമയം ഗോളുകളൊന്നും കണ്ടെത്താൻ 2 ടീമുകൾക്കും കഴിഞ്ഞില്ല. 2 സുവർണാവസരങ്ങൾ ഈസ്റ്റ്ബംഗാളിന് ലഭിച്ചതാണ്. എന്നാൽ അവ രണ്ടും അവർ പാഴാക്കിയത് മത്സരത്തിൽ തിരിച്ചടിയായി. അങ്ങനെ മത്സരം 1-0 എന്ന നിലയിൽ ചെന്നൈയിൻ എഫ്സി സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 4 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റോടെ ചെന്നൈ 5ആം സ്ഥാനത്തേക്ക് കയറി. 5 മത്സരങ്ങൾ പൂർത്തിയാക്കിയ ഈസ്റ്റ്ബംഗാൾ 3 പോയിൻ്റുമായി 10ആം സ്ഥാനത്താണ്.