ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിനായി റയൽ ഇന്നിറങ്ങുന്നു; എതിരാളികൾ സെൽട്ടിക്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് ഇന്ന് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11.15 ന് റയലിൻ്റെ തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ വെച്ച് കിക്ക് ഓഫ് ചെയ്യുന്ന മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ സെൽട്ടിക് ആണ് സ്പാനിഷ് വമ്പന്മാർക്ക് വെല്ലുവിളി ഉയർത്തുക. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി റയൽ തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുതാഴെയുള്ള ലീപ്സിഗിന് 9 പോയിൻ്റാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വിജയിച്ചുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുവാനാകും ആഞ്ചെലോട്ടിയും സംഘവും ശ്രമിക്കുക. അല്ലാത്തപക്ഷം റയലിന് ജയിക്കുവാൻ കഴിയാതെ വരികയും ലീപ്സിഗ് വിജയിക്കുകയും ചെയ്താൽ റയലിന് ഗ്രൂപ്പ് ചാമ്പ്യന്മാർ ആകുവാൻ കഴിയില്ല.
എന്തായാലും നിലവിലെ ഫോം പരിഗണിച്ചാൽ റയലിനെ സംബന്ധിച്ചിടത്തോളം സെൽട്ടിക് ഒരു എതിരാളിയെ അല്ല. പോരാത്തതിന് മത്സരം സ്വന്തം ഹോം ഗ്രൗണ്ടിലും. ഇരുവരും ഇതിന് മുമ്പ് മുഖാമുഖം വന്നപ്പോൾ എതിരില്ലാത്ത 3 ഗോളുകൾക്ക് റയലാണ് വിജയിച്ചത്. എന്നാൽ ലാലിഗയിൽ നടന്ന അവസാന മത്സരത്തിൽ ഇതേ ഗ്രൗണ്ടിൽ റയൽ കുഞ്ഞൻ ടീമായ ജിറോണയോട് സമനില വഴങ്ങിയിരുന്നു. അതിൻ്റെ ക്ഷീണം കൂടി ഇന്നത്തെ മത്സരത്തിൽ തീർക്കേണ്ടതുണ്ട്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.