ഐ.എസ്.എല്ലിൽ ഇന്ന് കൊൽക്കത്ത ഡെർബി.!
ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് കൊൽക്കത്ത ഡെർബിക്ക് കളമൊരുങ്ങുകയാണ്. വൈകിട്ട് 7.30 ന് അരങ്ങേറുന്ന മത്സരത്തിൽ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും. എ.ടി.കെ ആതിഥേയത്വം വഹിക്കുന്ന മത്സരം സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. അവസാനം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വെച്ച് രണ്ടിനെതിരെ അഞ്ച് ഗോൾകൾക്ക് തകർത്തുവിട്ടതിൻ്റെ ആത്മവിശ്വാസത്തിലാണ് എ.ടി.കെ ഇന്നിറങ്ങുക. അതേസമയം നോർത്ത് ഈസ്റ്റിനെ അവരുടെ മൈതാനത്ത് വെച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴ്പ്പെടുത്തിയതിൻ്റെ ആവേശത്തിലാണ് ഈസ്റ്റ് ബംഗാളിൻ്റെ വരവ്. 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി 7ആം സ്ഥാനത്താണ് നിലവിൽ എ.ടി.കെ ഉള്ളത്. 3 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ് കൈവശമുള്ള ഈസ്റ്റ് ബംഗാൾ തൊട്ടുപിന്നിൽ 8ആം സ്ഥാനത്തുണ്ട്. എപ്പോഴാണെങ്കിലും ആവേശത്തിന് ഒട്ടും കുറവ് വരാത്ത മത്സരമാണ് കൊൽക്കത്ത ഡെർബി. അതുകൊണ്ട് തന്നെ ആരാധകരെ പുളകിതരാക്കുവാൻ ഇന്നത്തെ മത്സരത്തിന് കഴിയും. ഇരുവരും ഐ.എസ്.എല്ലിലേക്ക് വന്നതിന് ശേഷം 4 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 4 തവണയും വിജയിച്ചത് എ.ടി.കെ മോഹൻബഗാൻ ആയിരുന്നു. 4 മത്സരങ്ങളിൽ നിന്നും 11 ഗോൾകളാണ് ഈസ്റ്റ് ബംഗാളിൻ്റെ വലയിലേക്ക് അവർ ഇതുവരെ അടിച്ചിട്ടുള്ളത്. തിരിച്ചു വെറും 2 ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ ഇന്ന് എ.ടി.കെയെ കീഴടക്കിക്കൊണ്ട് തങ്ങളുടെ മോശം റെക്കോർഡ് തിരുത്തിക്കുറിക്കുവാൻ ആകും ഈസ്റ്റ്ബംഗാളിൻ്റെ ശ്രമം. നേരെമറിച്ച് കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടുത്ത അതേ പോരാട്ടവീര്യത്തിലൂടെ ഈസ്റ്റ് ബംഗാളിനെ മറികടന്നുകൊണ്ട് ടേബിളിൽ ഒരു കുതിച്ചുചാട്ടം ആകും എ.ടി.കെയുടെ ലക്ഷ്യം. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.