ടോപ് 4 ലേക്ക് കയറാൻ ചെൽസി; എതിരാളികൾ ബ്രൈറ്റൺ.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ വമ്പന്മാരായ ചെൽസി ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് ബ്രൈറ്റണിൻ്റെ തട്ടകമായ ഫാൽമെർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 21 പോയിൻ്റുമായി ടേബിളിൽ 5ആം സ്ഥാനത്താണ് ഗ്രഹാം പോട്ടറിൻ്റെ ചെൽസിയുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ തൊട്ടുമുകളിലുള്ള ന്യൂകാസിൽ, ടോട്ടനം ഹോട്സ്പർ എന്നീ ടീമുകളെ മറികടന്നുകൊണ്ട് ടോപ് 4ലേക്ക് കയറുവാൻ ചെൽസിക്ക് സാധിക്കും. ടോട്ടനവും ന്യൂകാസിലും ചെൽസിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് 3 പോയിൻ്റ് നേടാൻ കഴിഞ്ഞാൽ ടീമിന് ഗുണകരമാകും. ഒപ്പം ടേബിളിൽ 3ആം സ്ഥാനവും നീലപ്പടയ്ക്ക് സ്വന്തമാക്കാം.
അതേസമയം ബ്രൈറ്റൺ 9ആം സ്ഥാനത്താണ് ഉള്ളത്. 11 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റ് ആണ് അവരുടെ സമ്പാദ്യം. സ്വന്തം കാണികൾക്ക് മുന്നിൽ ചെൽസി പോലൊരു വലിയ ടീമിനെ അട്ടിമറിച്ചുകൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തുവാൻ ആകും ആതിഥേയർ ശ്രമിക്കുക. ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ കരുത്തരായ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. ചെൽസിയാവട്ടെ ചാമ്പ്യൻസ് ലീഗിൽ തിളക്കമുള്ളൊരു വിജയവും സ്വന്തമാക്കിയാണ് വരവ്. എന്തായാലും ടോപ് 4 ൽ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുവാൻ ചെൽസി എത്തുമ്പോൾ സ്വന്തം കാണികൾക്ക് മുന്നിൽ അവരെ മലർത്തിയടിക്കാൻ ആവും ബ്രൈറ്റൺ ശ്രമിക്കുക. ഈയൊരു വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.