ചെന്നൈയിനെ അവരുടെ മടയിൽ കേറിയടിച്ച് ഗോവ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്ക് തകർപ്പൻ വിജയം. ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ചെന്നാണ് ഗോവ പരാജയപ്പെടുത്തിയത്. അത്യന്തം വാശിയേറിയൊരു പോരാട്ടം തന്നെയായിരുന്നു ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നത്. ഇരു ടീമുകളും കട്ടക്ക് നിന്ന പോരാട്ടത്തിൽ 10ആം മിനിറ്റിൽ തന്നെ റെഡീം ലാങ്ങിലൂടെ ഗോവ മുമ്പിലെത്തി. മൊറോക്കൻ താരമായ റൈറ്റ് വിംഗർ നോവ സഡോയിയുടെ അസിസ്റ്റിൽ നിന്നുമാണ് ലാങ്ങ് ഗോൾ നേടിയത്. പ്രതിരോധത്തിൽ നിന്നും നീട്ടി നൽകിയ ലോങ് ബോൾ സ്വീകരിച്ച് സഡോയി ലാങ്ങിന് ക്രോസ്സ് ചെയ്ത് നൽകുകയായിരുന്നു. താരത്തിൻ്റെ ഹെഡ്ഡർ ചെന്നൈ ഗോൾ കീപ്പറെ മറികടന്ന് പോസ്റ്റിൽ കയറി. അതിന് ശേഷം ഗോൾ മടക്കുവാനായി ചെന്നൈയിൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. അങ്ങനെ ആദ്യപകുതി 1-0 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും വാശിയേറിയ പോരാട്ടം തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. നിർഭാഗ്യവശാൽ ചെന്നൈയിന് ഗോൾ നേടുവാൻ ആയില്ല. ഏറ്റവുമൊടുവിൽ ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്നും മകാൻ ചോട്ടെ നൽകിയ ലോങ് പാസ്സ് സ്വീകരിച്ച് ചെന്നൈ ഗോൾ മുഖത്തേക്ക് കുതിച്ച സഡോയി ബോക്സിന് തൊട്ടു വെളിയിൽ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് ചെന്നൈ കീപ്പർ ദേവൻഷ് ഡബാസിന് ഒരവസരം പോലും നൽകാതെ വലയിൽ പതിച്ചു. അതോടെ മത്സരം 2-0 എന്ന നിലയിലായി. അധികം വൈകാതെ തന്നെ റഫറി ഫൈനൽ വിസിൽ മുഴക്കി. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് ഗോവൻ ഗോൾകീപ്പർ ധീരജ് സിംഗ് പുറത്തെടുത്തത്. ധീരജിൻ്റെ സേവുകൾ ഒന്നുകൊണ്ടു മാത്രമാണ് ചെന്നൈയിൻ ഗോൾ നേടാതെ പോയത്. കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ നോവ സഡോയിയാണ് മത്സരത്തിലെ താരം.
ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണിൽ ഗോവയിലേക്ക് കൂടുമാറിയെത്തിയ അൽവാരോ വാസ്ക്കസിനെ പകരക്കാരനായി പോലും ഗോവൻ കോച്ച് കാർലോസ് പെന കളത്തിലിറക്കിയില്ല.
2 മത്സരങ്ങളിൽ നിന്നും 2ഉം വിജയിച്ചുകൊണ്ട് 6 പോയിൻ്റ് സ്വന്തമാക്കിയ ഗോവയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 3 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയിൻ ഓരോ വിജയവും സമനിലയും തോൽവിയുമായി 4 പോയിൻ്റോടെ 5ആം സ്ഥാനത്താണ്.






































