നോർത്ത് ഈസ്റ്റിനെ കീഴടക്കി അക്കൗണ്ട് ഓപ്പൺ ചെയ്ത് ഈസ്റ്റ് ബംഗാൾ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് സന്ദർശകർ ജയിച്ചുകയറിയത്. ഇതോടെ ഇതുവരെ നോർത്ത് ഈസ്റ്റിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന ചീത്തപ്പേര് മാറ്റുവാനും ഈസ്റ്റ് ബംഗാളിനായി. മത്സരത്തിൽ ക്ലെയ്റ്റൺ സിൽവ, കൈരിയാക്കൗ, ഓ’ ഡോഹർട്ടി എന്നിവരാണ് ഈസ്റ്റ് ബെംഗാളിനായി സ്കോർ ചെയ്തത്. നോർത്ത് ഈസ്റ്റിൻ്റെ ആശ്വാസഗോൾ നേടിയത് ഡെർബിഷെയറാണ്. മത്സരത്തിൻ്റെ 11ആം മിനിറ്റിലാണ് ഈസ്റ്റ് ബംഗാളിൻ്റെ ആദ്യ ഗോൾ വരുന്നത്. ബോക്സിൽ വെച്ച് നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ നിന്നും പന്ത് ഇൻ്റർസെപ്റ്റ് ചെയ്തെടുത്താണ് ക്ലെയ്റ്റൺ ഗോൾ നേടിയത്. ഈയൊരു ഗോളിൻ്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് തികഞ്ഞപ്പോഴേക്കും ഈസ്റ്റ് ബംഗാൾ അടുത്ത വെടിപൊട്ടിച്ചു. ഇത്തവണ കൈരിയാക്കൗവിൻ്റെ ഊഴമായിരുന്നു. സ്വന്തം ഹാഫിൽ നിന്നും സുഹൈറിലേക്ക് ഒരു ലോങ് ബോൾ പറന്നിറങ്ങി. പന്ത് ട്രാപ്പ് ചെയ്തതിന് ശേഷം സുഹൈർ ഓടിക്കയറിവന്ന കൈരിയാക്കൗവിന് മുമ്പിൽ നീട്ടി നൽകി. പന്ത് ഒന്ന് സ്റ്റോപ് ചെയ്യാൻ പോലും നിൽക്കാതെ കൈരിയാക്കൗ ബോക്സിന് വെളിയിൽ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് നോർത്ത് ഈസ്റ്റ് കീപ്പർ അരിന്ദത്തിന് ഒരവസരം പോലും നൽകാതെ വലയിൽ. സ്കോർ 2-0. പിന്നീട് 84 ആം മിനിറ്റിൽ ഡോഹെർട്ടിയിലൂടെ നോർത്ത് ഈസ്റ്റിന് മേൽ ഈസ്റ്റ് ബംഗാൾ അവസാനത്തെ ആണിയും അടിച്ചു. ബോക്സിന് തൊട്ട് വെളിയിൽ നിന്നാണ് ഈ ഗോളും അവർ നേടിയത്. അതോടെ മത്സരം അവസാനിച്ചുവെന്ന് കരുതിയതാണ്. എന്നാൽ ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ ഡെർബിഷെയറിലൂടെ നോർത്ത് ഈസ്റ്റ് ആശ്വാസ ഗോൾ സ്വന്തമാക്കി. സീസണിൽ ടീം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. കോർണറിൽ നിന്നും ഒരു ഫ്ളിക്കിങ് ഹെഡ്ഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. അതോടെ മത്സരം 3-1 എന്ന നിലയിൽ പര്യവസാനിച്ചു. കളിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചതും കൂടുതൽ ഷോട്ടുകൾ ഉതിർത്തതും നോർത്ത് ഈസ്റ്റ് ആയിരുന്നിട്ടും കൂടുതൽ ഗോളുകൾ നേടുവാൻ മാത്രം അവർക്ക് കഴിഞ്ഞില്ല.
ഇതോടെ 3 പോയിൻ്റുമായി അക്കൗണ്ട് തുറക്കാൻ ഈസ്റ്റ് ബംഗാളിനായി. കളിച്ച 3 മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റിൻ്റെ ആദ്യ പോയിൻ്റിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.