സ്വന്തം കാണികൾക്ക് മുന്നിൽ തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എ.ടി.കെ മോഹൻ ബഗാനാണ് കൊച്ചിയെ സങ്കടകടലിലാഴ്ത്തിയത്. ഓസ്ട്രേലിയൻ ഫോർവേർഡ് താരം ദിമിത്രി പെട്രറ്റോസ് നേടിയ ഹാട്രിക് ഗോളിൻ്റെ പിൻബലത്തിലാണ് എടികെയുടെ മിന്നുന്ന വിജയം. മത്സരത്തിൻ്റെ ആറാം മിനിറ്റിൽ തന്നെ ഇവാൻ കലിയുഷ്ണിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയതാണ്. എന്നാൽ ഈയൊരു ആധിപത്യം നിലനിർത്താൻ ഇവാനും സംഘത്തിനും കഴിഞ്ഞില്ല. 26ആം മിനിറ്റിൽ തന്നെ പെട്രറ്റോസിലൂടെ എടികെ ഗോൾ മടക്കി. ഹ്യൂഗോ ബൗമസ് ആണ് ഗോളിന് വഴിയൊരുക്കിയത്. അധികം വൈകാതെ തന്നെ 38ആം മിനിറ്റിൽ മൻവീർ സിംഗിൻ്റെ ഒരു മികച്ച ഫോർവേർഡ് ത്രൂ ബോളിൽ നിന്നും കരുത്തുറ്റൊരു ഷോട്ടിലൂടെ ജോണി കൗക്കൊ ബഗാന് ലീഡ് നേടിക്കൊടുത്തു. അതോടെ ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ച ആരാധകരെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് എടികെ മൂന്നാം ഗോളും സ്വന്തമാക്കി. ഇത്തവണ ലിസ്റ്റൻ്റെ അസിസ്റ്റിൽ നിന്നും പെട്രറ്റോസ് ആണ് ഗോൾ നേടിയത്. പിന്നീട് നിഷു, രാഹുൽ, ഗിയാന്നു തുടങ്ങിയവരെ ഇവാൻ കളത്തിലിറക്കി. അതിനൊരു ഫലമെന്നോണം 81ആം മിനിറ്റിൽ കെപി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. രാഹുലിൻ്റെ പവർഫുൾ ഷോട്ട് ബഗാൻ കീപ്പർ വിശാൽ കെയ്ത്തിൻ്റെ കയ്യിൽ നിന്നും വഴുതി ഗോൾ ആവുകയായിരുന്നു. അതോടെ ഒരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിൻ്റെ ഓൾഔട്ട് അറ്റാക്ക് ബഗാൻ മുതലെടുത്തു. 88ആം മിനിറ്റിൽ ലെന്നി റോഡ്രിഗസിലൂടെ ബഗാൻ തങ്ങളുടെ നാലാം ഗോൾ സ്വന്തമാക്കി. കൗണ്ടർ അറ്റാക്കിൽ ചന്നഭിന്നമായിപോയ പ്രതിരോധത്തെ കാഴ്ചക്കാരാക്കിക്കൊണ്ട് പെട്രറ്റോസിൻ്റെ അസിസ്റ്റിൽ നിന്നും ലെന്നി വലകുലുക്കുകയായിരുന്നു.
അവിടംകൊണ്ടും അവസാനിച്ചില്ല. ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ പെട്രറ്റോസ് ഐഎസ്എല്ലിലെ തൻ്റെ ആദ്യ ഹാട്രിക് സ്വന്തമാക്കി. സീസണിലെയും ആദ്യ ഹാട്രിക് ആയിരുന്നു ഇത്. ഇത്തവണയും കൗണ്ടർ അറ്റാക്കിലൂടെ തന്നെയാണ് ബഗാൻ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണത്തിൽ നിന്നും ബഗാൻ പിടിച്ചെടുത്ത ബോൾ ലിസ്റ്റണ് നീട്ടി നൽകി. ബോക്സിലേക്ക് ഓടികയറിയ ലിസ്റ്റൻ പന്ത് പെട്രറ്റോസിന് കൈമാറി. ഓപ്പൺ പോസ്റ്റിലേക്ക് പന്ത് ഒന്ന് തട്ടിയിടേണ്ട ജോലി മാത്രമേ പെട്രറ്റോസിന് ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഗോൾ പട്ടിക പൂർത്തിയായി. സ്കോർ 5-2. ഗോൾ നേടുവാൻ നിരവധിയായ അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നുവെങ്കിലും അതൊന്നും മുതലെടുക്കുവാൻ ടീമിനായില്ല. ഒപ്പം പതിവ് നിർഭാഗ്യവും ടീമിനെ വേട്ടയാടി. ജീക്സൻ്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി തെറിച്ചുപോകുന്നത് തലയിൽ കൈവെച്ചാണ് ആരാധകർ കണ്ടുനിന്നത്. അതോടൊപ്പം ഡയമൻ്റാക്കോസ്, ലൂണ, സഹൽ തുടങ്ങിയവർക്കും ഗോൾ നേടുവാൻ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കുവാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. ഹാട്രിക് നേടിയ പെട്രറ്റോസാണ് കളിയിലെ താരം.
2 കളികളിൽ നിന്നും 3 പോയിൻ്റ് വീതമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. ഗോൾ ശരാശരിയിൽ പിന്നിൽ പോയതിനാൽ ബ്ലാസ്റ്റേഴ്സ് 7ആം സ്ഥാനത്താണ്. ബഗാൻ 5ആം സ്ഥാനത്തും. ഇനി വരുന്ന ഞായറാഴ്ച ഒഡീഷയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. എന്തായാലും നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ നിരാശരാക്കിക്കൊണ്ട് ഇന്നത്തെ മത്സരം പര്യവസാനിച്ചു. ഇനി വരും മത്സരത്തിൽ മികച്ചൊരു തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.






































