ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടം; സ്പാനിഷ് എൽ ക്ലാസ്സിക്കോ ഇന്ന്.!
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലബുകളാണ് റയൽ മാഡ്രിഡും ബാർസലോണയും. ഇന്ന് ലാ ലിഗയിൽ റയൽ മാഡ്രിഡിൻ്റെ തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ ഈ താരരാജാക്കന്മാർ ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.45 നാണ് ഈയൊരു മത്സരം അരങ്ങേറുക. ലോകത്ത് ഏറ്റവും പഴക്കമുള്ളതും ജനപ്രീതിയുള്ളതും ആയ ഡെർബികളിൽ ഒന്നാണ് എൽ ക്ലാസ്സിക്കോ. കോമ്പെറ്റേറ്റീവ് മത്സരങ്ങളിൽ 249 തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. റയലിനാണ് കൂടുതൽ വിജയം (100). പ്രദർശന മത്സരങ്ങളിൽ 34 തവണ ഏറ്റുമുട്ടി. കൂടുതൽ വിജയം ബാർസലോണയ്ക്ക് ആണ് (20). ആകെ ഇതുവരെ 283 എൽ ക്ലാസ്സിക്കോ മത്സരങ്ങളാണ് നടന്നിട്ടുള്ളത്. അതിൽ കൂടുതൽ വിജയം ബാർസലോണയ്ക്കാണ് (117). ഇരു ടീമുകളും തമ്മിൽ ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സ വിജയിക്കുകയായിരുന്നു. ഇന്നത്തെ മത്സരം എന്തായാലും റയലിൻ്റെ തട്ടകത്തിൽ വെച്ചാണ്. വിജയിക്കുന്നവർക്ക് ടേബിളിൽ ഒന്നാം സ്ഥാനം ഭദ്രമാക്കാം.
നിലവിൽ ഇരുടീമുകൾക്കും 8 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റ് ആണുള്ളത്. ഗോൾ ശരാശരിയിൽ മുന്നിലുള്ളത് കൊണ്ട് ബാർസയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ഇതുവരെ 20 ഗോളുകൾ അടിച്ചുകൂട്ടിയ ബാർസ കേവലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. എന്നാൽ ഇന്നത്തെ മത്സരം അത്ര എളുപ്പമാകില്ല. കാരണം സൂപ്പർ താരങ്ങളായ അരൗഹോ, ക്രിസ്റ്റൻസൺ എന്നീ സെൻ്റർ ബാക്ക് താരങ്ങൾ പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ ഉണ്ടാവില്ല. ഇത് ബാർസലോണയ്ക്ക് തലവേധനയാകും. വെറ്ററൻ താരം പിക്കെയെ പഴയ പോലെ ആശ്രയിച്ചത് കൊണ്ട് യാതൊരുവിധ നേട്ടങ്ങളും ബാർസയ്ക്ക് ഇല്ല. ഫ്രഞ്ച് താരം കോണ്ടേ പരിക്ക് മാറി തിരിച്ചെത്തിയത് ഒരു ആശ്വാസമാണ്. മറുവശത്ത് റയൽ മാഡ്രിഡിന് പരിക്കിൻ്റെ തലവേദനകളൊന്നും തന്നെയില്ല. അവർക്ക് അവരുടെ പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ലഭ്യമാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റൂഡിഗർ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകും. എന്തായാലും വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനത്ത് ഭദ്രമായി ഇരിക്കുവാൻ സാധിക്കും.
ഏറ്റവും കൂടുതൽ എൽ ക്ലാസിക്കോ മത്സരങ്ങൾ കളിച്ചിട്ടുള്ളത്ത് സാക്ഷാൽ ലയണൽ മെസ്സിയും സെർജിയോ റാമോസുമാണ്. 45 മത്സരങ്ങൾ വീതം. ഇരുതാരങ്ങളും ഇപ്പൊൾ ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയിൽ ഒരുമിച്ച് കളിക്കുന്നു എന്നത് കൗതുകകരമായ കാര്യമാണ്. എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസ്സിയാണ്. 26 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. എന്തായാലും ഈ വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.