മൊറോക്കോയോടും തോറ്റു, അണ്ടർ 17 വനിത ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്
അണ്ടർ 17 വനിത ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയതോടെയാണ് ആതിഥേയരായ ഇന്ത്യ പുറത്താവുന്നത്. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയാണ് ഇന്ത്യയെ കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.
മൊറോക്കോയ്ക്ക് വേണ്ടി ദോഹ എല്‍ മദാനിയും യാസ്മിന് സൗഹിറും ദ്യേന ചെറിഫും ലക്ഷ്യം കണ്ടു. ശക്തരായ മൊറോക്കോയ്ക്കെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ മൊറോക്കോയെ ഗോള്‍രഹിത സമനിലയില്‍ പിടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മൊറോക്കോ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. 51-ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. പെനാല്‍ട്ടിയിലൂടെ ദോഹയാണ് ഗോളടിച്ചത്.
പിന്നാലെ 62-ാം മിനിറ്റില്‍ യാസ്മിനും ലക്ഷ്യം കണ്ടു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ദ്യേന ചെറിഫും ഗോളടിച്ചതോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് യു.എസ്സിനോട് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ബ്രസീലാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബര്‍ 17 നാണ് മത്സരം.






































