സീരി എയിൽ ഇന്ന് തീപാറും; അങ്കം ഇൻ്ററും റോമയും തമ്മിൽ.!
ഇറ്റാലിയൻ സീരി എയിൽ ഇന്ന് തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. വമ്പന്മാരായ ഇൻ്റർമിലാനുമായി കൊമ്പുകോർക്കുന്നത് മൗറീഞ്ഞോയുടെ സ്വന്തം എ.എസ് റോമയാണ്. തങ്ങളുടെ അവസാന മത്സരം തോറ്റുകൊണ്ടാണ് ഇരുകൂട്ടരുടെയും വരവ്. ഇൻ്റർ അവസാനം നടന്ന മത്സരത്തിൽ ഉഡിനീസിനോടാണ് പരാജയപ്പെട്ടത്. റോമ അറ്റലൻ്റയോടും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഇരുവർക്കും വിജയം അനിവാര്യമാണ്.
നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 4 വിജയവും 3 തോൽവിയുമായി 12 പോയിൻ്റോടെ 7ആം സ്ഥാനത്താണ് ഇൻ്റർമിലാൻ. അത്രയും കളികളിൽ നിന്ന് തന്നെ 4 വിജയവും 1 സമനിലയും 2 തോൽവിയുമായി 13 പോയിൻ്റോടെ ഇൻ്ററിന് മുകളിൽ 6ആം സ്ഥാനത്താണ് റോമ. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടാതെ ഇൻ്ററിനു മുകളിലുള്ള സ്ഥാനം നിലനിർത്തുവാൻ ആകും റോമ ശ്രമിക്കുക. ഇൻ്റർ ആകട്ടെ റോമയെ മറികടക്കാനും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വാശിക്ക് ഒട്ടും കുറവില്ലാത്ത മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ സമയം രാത്രി 9.30 ന് മിലാൻ്റെ തട്ടകമായ സാൻസിറോയിൽ വെച്ചാണ് ഈ മത്സരം നടക്കുക.






































