വൈകി വന്ന സുവർണ നേട്ടം !!!
ജാക്കർത്ത : ചില സത്യങ്ങൾ അങ്ങനെയാണ് എത്ര മൂടി വെച്ചാലും പുറത്തു വരുമെന്ന് കേട്ടിട്ടില്ലേ…!!! അതേ , വൈകിയാണെങ്കിലും ഇപ്പോഴിതാ ഒരു സുവർണ നേട്ടം ഇന്ത്യൻ ടീമിനെ തേടി വന്നിരിക്കുന്നു. 2018ൽ ഇന്തോനേഷ്യയിലെ ജാക്കർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആണ് 4×400 മിക്സഡ് റിലേയിലെ വെള്ളി നേട്ടം സുവർണ നേട്ടമായി ഉയർന്നിരിക്കുന്നത്.
സ്വർണം നേടിയ ബഹ്റൈൻ ടീമിലെ കെമി അഡിക്കോയെ ഉത്തേജക മരുന്നിന് പിടിക്കപ്പെട്ടതാണ് അവരുടെ മെഡൽ അസാധുവാകാൻ കാരണം. രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ ടീമിന് സ്വർണം ഉറപ്പായി.
അത്ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റാണ് അഡിക്കോയെ 4 വർഷത്തേക്ക് വിലക്കിയത്. 3:11:89 ആയിരുന്നു ബഹ്റൈന്റെ ഫിനിഷിങ് സമയം. 3:15:71 ൽ ആണ് ഇന്ത്യയുടെ പൂവമ്മ , ഹിമ ദാസ് , അനസ് , ആരോഗ്യ രാജീവ് എന്നിവർ അടങ്ങിയ ടീo ഫിനിഷ് ചെയ്തത്.
2018 ആഗസ്റ്റ് 24 നും 28 നും ഇടയിൽ അഡിക്കോ മത്സരിച്ച എല്ലാ മത്സരങ്ങളും റദ്ദാക്കുകയും ചെയ്തു. ഇതേ മൽസരത്തിൽ ഹിമയുടെ ഓട്ടം തടസപെടുത്തിയതായി ഇന്ത്യ അപ്പീൽ പോയെങ്കിലും ഫലം കണ്ടില്ല.