Unstoppable Haaland – ഈ പൂച്ചക്ക് ആര് മണി കെട്ടും !!
ഒരു തലമുറയിൽ അസാധാരണം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന താരങ്ങൾ ഒന്നോ രണ്ടോ ഒക്കെ കാണുകയുള്ളു. പുതിയ തലമുറയിലെ ആ താരം താനാണെന്ന് ഹാലൻഡ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഹാലൻഡ് റെക്കോർഡ് തകർത്തിരിക്കുന്നു എന്ന വാർത്തകൾ നമ്മെ ഒരു പരിധിയിൽ കൂടുതൽ ഇനി ബാധിക്കുകയും പോകുന്നില്ല. ഒരു നിത്യ സംഭവമായി അത് ഇപ്പോൾ തന്നെ മാറി കഴിഞ്ഞിരിക്കുന്നു.
ആദ്യ മത്സരത്തിൽ തന്നെ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഗോൾ നേടുന്ന ആദ്യ സിറ്റി താരമായി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു. ഹാലൻഡിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് സെവിയ്യയെ തകർത്തിരുന്നു. മൂന്ന് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി, ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ സ്കോർ ചെയ്ത 4 പേരെ ലോകത്തുള്ളൂ – അതിൽ ഒരാൾ ഹാലൻഡ് തന്നെ.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 25 ഗോളുകൾ നേടിയ താരമായും അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു. വെറും 20 മത്സരങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനതുള്ള നിസ്റ്റൽറൂയിക്ക് 25 ഗോളുകൾ നേടാൻ വേണ്ടി വന്നത് 30 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആണ്. മെസ്സിക്കും റൊണാൾഡോയ്ക്കും വേണ്ടി വന്നത് നാൽപ്പതിൽ പരം മത്സരങ്ങളും. 30 വർഷത്തെ ചരിത്രമുള്ള ചാമ്പ്യൻസ് ലീഗിൽ ഹാലൻഡിനേക്കാൾ ഗോൾ നേടിയ കളിക്കാർ അകെ 36 പേര് മാത്രമേ ഉള്ളു. ഹാലൻഡ് അകെ 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു എന്ന് കൂടി അറിഞ്ഞിരിക്കണം.
കളിക്കുന്നത് ഗാർഡിയോള മാനേജ് ചെയുന്ന സിറ്റിയിൽ. സപ്ലൈ ചെയ്യാനുള്ളത് സാക്ഷാൽ ഡി ബ്രൂയന – ബെർണാഡോ സിൽവ – ഗുണ്ടാവാൻ സഖ്യം. ഹാലൻഡ് എന്ന എതിരാളി ഭയപ്പെടുത്തുന്നു. സിറ്റി ആരാധകരുടേതാണ് ആണ് ബെസ്റ്റ് ടൈം.