Cricket Editorial legends Top News

സ്റ്റീവ് ടികോളോ – ഒരു കാലഘട്ടത്തിലെ കെനിയൻ ക്രിക്കറ്റിന്റെ മുഖം

July 24, 2019

സ്റ്റീവ് ടികോളോ – ഒരു കാലഘട്ടത്തിലെ കെനിയൻ ക്രിക്കറ്റിന്റെ മുഖം

1996ൽ ഉപഭൂഖണ്ഡത്തിൽ നടന്ന വേൾഡ് കപ്പിലായിരുന്നു സ്റ്റീവ് ടികോളോ കെനിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്, അരങ്ങേറ്റ മത്സരത്തിൽ തന്നെ കട്ടക്കിൽ ഇന്ത്യക്കെതിരെ അർദ്ധസെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കുകയുണ്ടായി,പിന്നീടങ്ങോട് ഒരർത്ഥത്തിൽ കെനിയൻ ക്രിക്കറ്റിന്റെ മുഖം തന്നെ ടിക്കോളോ ആയിരുന്നു, ഫാസ്റ്റ് ബൗളിങ്ങും, സ്പിൻ ബൗളിങ്ങും ഒരുപോലെ കളിക്കുന്നതിൽ മിടുക്കനായിരുന്ന ഇദ്ദേഹത്തിന്റെ വിക്കെറ്റ് ആ കാലങ്ങളിൽ കെനിയക്കെതിരെ കളിക്കാനിറങ്ങുന്ന ഏതൊരു എതിരാളികളുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.

ലോക കപ്പ് ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറി ആയിരുന്നു 1996 വേൾഡ് കപ്പിൽ രണ്ടു വട്ടം ലോക ചാമ്പ്യന്മാരായ വിൻഡീസിനെ കെനിയ തോൽപിച്ച ആ മുഹൂർത്തം, അന്നത്തെ ആ ലോ സ്കോറിങ് മാച്ചിലും ടികോളോ ആയിരുന്നു കെനിയയുടെ ഉയർന്ന റൺ സ്‌കോറർ. എന്നും ഒറ്റക്ക് യുദ്ധം നയിക്കാൻ വിധിച്ചവനായിരുന്നു ആ മനുഷ്യൻ 1996ലെ വേൾഡ് കപ്പ് മാച്ചിൽ ശ്രീലങ്കക്കെതിരെ വാസിനെയും മുരളിയേയും നേരിട്ട് സ്വന്തമാക്കിയ 96 റൺസൊക്കെ അദ്ദേഹത്തിന്റെ ക്ലാസ്സ്‌ വിളിച്ചോതുന്ന ഇന്നിങ്‌സുകൾ ആയിരുന്നു. 1998ൽ ഇന്ത്യയെ അട്ടിമറിച്ചപ്പോഴും ബാറ്റിങ്ങിൽ 21 റൺസുമായും, ബോളിങ്ങിൽ 3 വിക്കറ്റും സ്വന്തമാക്കി കെനിയയുടെ വിജയത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു ആ മനുഷ്യൻ.

ഒരിക്കലും കണ്ണിന് കുളിർമ്മയേകുന്ന ഒരു ബാറ്റിംഗ് ശൈലി ആയിരുന്നില്ല അദ്ദേഹത്തിന്റേത്, പവറും, ടൈമിങ്ങുമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ മുന്നോട്ട് നയിച്ചിരുന്ന ഘടകങ്ങൾ. ഒരു മികച്ച സ്കോർ കെട്ടിപ്പടുക്കാൻ ആ കാലഘട്ടത്തിൽ കെനിയൻ ടീം ഉറ്റുനോക്കിയിരുന്നത് ടികോളോയിൽ ആയിരുന്നു.

വലിയ ടൂർണമെന്റുകളിൽ ടീം തകരുമ്പോഴും മികച്ച ഇന്നിങ്‌സുകളുമായി അയാൾ തലയുയർത്തി നിന്നിരുന്നു 1999 വേൾഡ് കപ്പിൽ ഇന്ത്യക്കെതിരെയും, ഇംഗ്ലണ്ടിനെതിരെയും തുടരെ തുടരെ അർദ്ധ സെഞ്ചുറികൾ നേടിയെങ്കിലും ഒരു മത്സരം പോലും ജയിക്കാൻ കഴിയാതെ പുറത്താകാനായിരുന്നു ആ ടീമിന്റെ വിധി,

2002ൽ നായക സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ശ്രീലങ്കയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ആ രാജ്യത്തെ ബാറ്റുകൊണ്ട് മുന്നിൽ നിന്ന് നയിച്ചിരുന്നു വിന്ഡീസിനെതിരെ 93 റൺസും, സൗത്ത് ആഫ്രിക്കക്കെതിരെ 69 റൺസും തുടർച്ചയായ മത്സരങ്ങളിൽ സ്വന്തമാക്കിയെങ്കിലും ഒരു ടീം എന്ന നിലയിൽ അവർ അവിടെയും പരാജയപ്പെട്ടു.

കെനിയയുടെ ക്രിക്കറ്റ്‌ ചരിത്രത്തിലെ മികച്ച നിമിഷം പിറന്ന 2003 വേൾഡ് കപ്പിൽ കാനഡ, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ് എന്നിവരെ തോൽപിച്ചു കെനിയ ലോകക്കപ്പിലെ സെമിഫൈനലിലേക്ക് യോഗ്യത നേടിയത് ടികോളോയുടെ നായക മികവിലായിരുന്നു. സെമിയിൽ ഇന്ത്യക്കെതിരെ ഡർബണിൽ അവർക്ക് കാലിടറിയെങ്കിലും 56റൺസ് നേടി അവിടെയും ടികൊളോ തല ഉയർത്തിനിന്നിരുന്നു.

തന്റെ പതിനഞ്ചു വർഷം നീണ്ട കരിയറിൽ ഒരുപാട് ഉയർച്ചയും താഴ്ചയും അയാൾ അനുഭവിച്ചിരുന്നു, 134 ഏകദിനങ്ങളിൽ നിന്ന് 28.99 ആവറേജിൽ 3421 റൺസും, 94 വിക്കറ്റ്സും അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. 11 ഇന്റർനാഷണൽ ട്വന്റി ട്വൻറി മാച്ചുകളിൽ നിന്ന് 260 റൺസും 3 വിക്കറ്റും അദ്ദേഹത്തിന്റെ പേരിൽ കാണാം

ക്രിക്കറ്റ്‌ ലോകം കണ്ട ഇതിഹാസതാരങ്ങളുടെ പേരുകളുടെ ലിസ്റ്റിൽ ഈ പേര് നിങ്ങൾക്ക് കാണാൻ സാധിക്കില്ല, ലോകം കണ്ട മികച്ച ബാറ്സ്മാന്മാരുടെ ലിസ്റ്റിലും ഈ നാമം കണ്ടെന്നു വരില്ല, പക്ഷെ കെനിയ എന്ന രാജ്യത്തിനു ഇദ്ദേഹം പലതുമായിരുന്നു ആ ക്രിക്കറ്റ്‌ രാജ്യത്തിന്റെ ഹൃദയമിടിപ്പായിരുന്നു ഇയാൾ, കെനിയക്ക് ലോക ക്രിക്കറ്റിന്റെ ഭൂപടത്തിൽ ഒരു സ്ഥാനം നൽകാൻ അഹോരാത്രം പരിശ്രമിച്ച പോരാളി എന്ന നിലയിൽ ടികോളോ എന്നും അറിയപ്പെടും….
Pranav Thekkedath

Leave a comment