ക്രിസ്റ്റൽ പാലസിന് ആൻഫീൽഡിൽ വിരുന്നൊരുക്കാൻ ഒരുങ്ങി ലിവർപൂൾ.
ക്രിസ്റ്റൽ പാലസിനു ആൻഫീൽഡിൽ വിരുന്നൊരുക്കാനൊരുങ്ങി ലിവർപൂൾ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് ഈ ഒരു മത്സരം ആരംഭിക്കുക. പ്രീമിയർ ലീഗിലെ രണ്ടാം വാരം പുരുഗമിച്ചുകൊണ്ടിരിക്കുകയാണ്. സിറ്റി, യുണൈറ്റഡ്, ആഴ്സനൽ തുടങ്ങിയ വമ്പന്മാരുടെയെല്ലാം മത്സരങ്ങൾ ഇന്നലെ കഴിഞ്ഞിരുന്നു. ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലിവർപൂൾ ഫുൾഹാമിനോട് 2-2 ൻ്റെ സമനില വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം നിർണായകമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും ക്ലോപ്പും സംഘവും ആഗ്രഹിക്കുന്നില്ല.
സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിനാണ് ലിവർപൂൾ ഇറങ്ങുന്നത്. സൂപ്പർ സബ് ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ സൈനിങ് ആയ ഡാർവിൻ ന്യുനെസ് ആണ് ഇന്നത്തെ കളിയുടെ ശ്രദ്ധാകേന്ദ്രം. കൂടാതെ സല, ഡയസ്, ഫെർമിനോ, തിയാഗോ, വാൻ ഡെയ്ക്ക്, അർനോൾഡ് തുടങ്ങിയ ലിവർപൂളിൻ്റെ സൂപ്പർ താരനിരയെ തടഞ്ഞുനിർത്തുക എന്നത് ക്രിസ്റ്റൽ പാലസിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയാണ്.
ആദ്യ മത്സരത്തിൽ ആഴ്സനലിനോട് ഏറ്റ 2 ഗോളിൻ്റെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ടാണ് ക്രിസ്റ്റൽ പാലസിൻ്റെ വരവ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം കാണികളെ ആവേശത്തിലാഴ്ത്തും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.






































