ഹിമ പറക്കുകയാണ് ഉയരങ്ങളിലേക്ക്…!!!
മുംബൈ : കേവലം 18 മാസങ്ങൾ കൊണ്ട് ഒരു പെണ്കുട്ടിക്ക് അത്‌ലറ്റിക്സ് ട്രാക്കിൽ എന്ത് ചെയ്യാൻ കഴിയും?? അതിനുള്ള ഉത്തരമാണ് -“ഹിമ ദാസ്” എന്ന 19 കാരി . ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്നപേരിലാണ് ഹിമ ലോകമെമ്പാടുമുള്ള ഇന്ത്യൻ ആരാധക ഹൃദയത്തിലേക്കു ഓടിക്കയറിയത്. അസമിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന , എല്ലാത്തരം പ്രാരാബ്ധങ്ങളിലൂടെയും പലകുറി സഞ്ചരിച്ച ഒരു 18 വയസുകാരിക്ക് അതിൽപ്പരം ആനന്ദമൊന്നും അതുവരെ ലഭിച്ചുട്ടുണ്ടായിരുന്നില്ല. ഫിൻലാൻഡിലെ ടംപേരെ യിൽ നടന്ന അണ്ടർ 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ 51.46 സെക്കന്റിൽ പൂർത്തിയാക്കിയാണ് ഹിമ സുവർണ നേട്ടത്തിലെത്തിയത്. അന്നുവരെ ഒന്നുമല്ലാതിരുന്ന ഒരു പെണ്കുട്ടി അന്നുമുതൽ മാധ്യമ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. ഹിമക്കു മുന്നിൽ ലോകം പലതവണ ശിരസ്സ് നമിക്കാൻ തുടങ്ങി…!
കഴിഞ്ഞ കോമണ്‌വെൽത്ത് ഗെയിംസിൽ 400m വിഭാഗത്തിൽ ആറാമതായാണ് ഹിമ പൂർത്തിയാക്കിയത്. അന്ന് ദേശീയ റെക്കോർഡ് തിരുത്തിയ ഹിമ പിന്നീട് ഗുവാഹത്തിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഹിമ തന്റെ തന്നെ റെക്കോർഡ് തിരുത്തികുറിച്ചു.
കരിയറിന്റെ ആരംഭത്തിൽ തന്നെ സ്വപ്ന സമാനമായ തുടക്കം ലഭിച്ച ഹിമ ദാസിപ്പോൾ അതിലും മികച്ച ഫോമിലാണ്. സ്വപ്ന സമാനമായ ജൈത്രയാത്രയിൽ കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിൽ 4 ഇന്റർനാഷണൽ സ്വർണമെഡലുകൾ കൂടി നേടി ഹിമ വീണ്ടും മാധ്യമ ലോകത്ത് ബിഗ് ബ്രെയ്ക്കിങ് ന്യൂസ് ആവുകയാണ്.
ജൂലൈ 2ന് പോളണ്ടിലെ കുന്ദോയിൽ വെച്ച് നടന്ന അത്‌ലറ്റിക് മീറ്റിൽ 23.97 സെക്കന്റിൽ ഓടിക്കയറിയാണ് ഹിമ ഒന്നാമതെത്തിയത്. മലയാളി താരം വി. കെ വിസ്മയയാണ് ഈ വിഭാഗത്തിൽ വെള്ളി നേടിയത്. 24.06 സെക്കൻഡിൽ ആണ് വിസ്മയ മൽസരം പൂർത്തിയാക്കിയത്. പോളണ്ടിലെ തന്നെ പോസ്‌നാനിൽ വച്ച് നടന്ന മീറ്റിൽ 23.65 സെക്കന്റിൽ 200m ഫിനിഷ് ചെയ്ത ഹിമ സ്വർണം കരസ്ഥമാക്കിയിരുന്നു. തൊട്ടടുത്ത ദിവസം ചെക്കറിപ്പബ്ലിൽക്കിൽ വെച്ചു നടന്ന മറ്റൊരു മീറ്റിൽ 200 മീറ്റർ 23.43 സെക്കന്റിൽ പൂർത്തിയാക്കി ഹിമ സീസണിലെ തന്റെ മികച്ച സമയം കണ്ടെത്തി , കൂടെ സ്വർണവും. ചുരുക്കി പറഞ്ഞാൽ വെറും 11 ദിവസം കൊണ്ട് 3 അന്തർ ദേശീയ ഗോൾഡ് മെഡലുകളാണ് ഹിമ നാട്ടിലെത്തിച്ചത്. സമീപകാലത്ത് മറ്റൊരു താരത്തിനും അവകാശപെടാനില്ലാത്ത സ്വപ്ന സമാനമായ നേട്ടം. ആസാമിലെ ഒരു സാധാരണ നെൽകർഷകന്റെ മകളായി ജനിച്ച് , ഫുട്‌ബോൾ കളിച്ചു തുടങ്ങി , ട്രാക്കിൽ സ്വർണം വിളയിച്ചു തുടങ്ങിയ ഹിമക്ക് ഇനിയും ഒത്തിരി മുന്നേറാനകട്ടെ…!!!