Foot Ball Top News transfer news

അർജന്റീന താരം അർജന്റീന താരത്തിന് പാര…?

July 18, 2019

author:

അർജന്റീന താരം അർജന്റീന താരത്തിന് പാര…?

അർജന്റീന താരം ഗോൻസാലോ ഹിഗ്വയിൻ ഇപ്പോൾ യുവൻ്റസിലാണ്. കഴിഞ്ഞ സീസണിൽ ചെൽസിയിലും അതിനു മുമ്പ് എസി മിലാനിലും ലോണിന് കളിച്ച താരത്തിന് അത്ര നല്ല സീസണായിരുന്നില്ല അത്. 22 കളികളിൽ നിന്ന് എസി മിലാനായി 8 ഗോളുകളും 18 കളികളിൽ നിന്ന് ചെൽസിക്കായി 5 ഗോളുകളും മാത്രമാണ് ഹിഗ്വയിന് ഈ കാലയളവിൽ നേടാനായത്. എങ്കിലും ഇന്നും യുവൻ്റസ് കോച്ച് സാരിയുടെ പ്രിയശിഷ്യനാണ് അദ്ദേഹം. നപ്പോളിയിൽ ആയിരിക്കുമ്പോൾ സാരിക്കു കീഴിൽ ഹിഗ്വയിൻ 2015-16 സീസണിൽ മാത്രം 42 കളികളിൽ നിന്ന് 38 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പക്ഷേ ആ വിശ്വാസം ചെൽസിയിൽ ഹിഗ്വയിന് തുടർക്കഥയാക്കാനായില്ല. സാരിക്കു കീഴിൽ യുവൻ്റസിൽ തന്നെ തുടരണമെന്നതാണ് അദ്ദേഹത്തിന് താൽപ്പര്യമെങ്കിൽപ്പോലും സൂപ്പർ താരങ്ങളായ റൊണാൾഡോയും ഡിബാലയും മാൻസുകിച്ചും ഡഗ്ലസ് കോസ്റ്റയുമടങ്ങുന്ന യുവൻ്റസ് മുന്നേറ്റനിരയിൽ സ്ഥാനം പിടിക്കാൻ ഹിഗ്വയിന് അൽപ്പം വിയർക്കേണ്ടി വരും. പോരാത്തതിന് അർജൻ്റീനയുടെ തന്നെ സ്റ്റാർ സ്ട്രെക്കർ ഇക്കാർഡിയെ വാങ്ങാൻ യുവൻ്റസ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇൻ്റർ മിലാനുമായി ചെറിയ സൗന്ദര്യ പിണക്കത്തിലുള്ള ഇക്കാർഡി കഴിഞ്ഞ സീസണിൽ പല കളികളിലും ക്ലബ്ബിനായി കളത്തിൽ ഇറങ്ങിയത് പോലുമില്ല. ഈ സീസണിൽ ഇക്കാർഡിയെ വേണ്ട എന്ന സൂചനക്കൂടി നൽകിയിരിക്കുകയാണ് ഇപ്പോൾ ഇൻ്റർ. അതിൻ്റെ ഭാഗമായി മാഞ്ചസ്റ്ററിൻ്റെ ബെൽജിയൻ സ്ട്രൈക്കർ ലുക്കാക്കുവിനെ വാങ്ങാൻ ഇൻ്റർ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


ഇക്കാർഡിയുമായുള്ള ട്രാൻസ്ഫർ യുവൻ്റെസിന് അനുകൂലമായാൽ മുപ്പത് വയസ്സ് പിന്നിട്ട ഹിഗ്വയിനെ യുവൻ്റസ് വീണ്ടും ലോണിനയക്കുമെന്നത് ഏറെ കുറേ ഉറപ്പാണ്. താരത്തിനെ വാങ്ങാൻ ഇറ്റാലിയൻ ക്ലബ് റോമയും ഇഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാമും താൽപര്യം പ്രകടിപ്പച്ചതായാണ് റിപ്പോർട്ട്.
ഇൻ്ററിനായി കഴിഞ്ഞ സീസണിൽ സൗന്ദര്യപ്പിണക്കവും ഒപ്പം ഫോമില്ലായ്മയും അലട്ടിയിട്ടുപ്പോലും ഇരുപത്തിആറ് ക്കാരനായ ഇക്കാർഡി മുപ്പത്തിയേഴ് കളികളിൽ നിന്ന് പതിനേഴ് ഗോളുകളാണ് നേടിയത്.
ചുരുക്കത്തിൽ അർജൻ്റീനക്കാരനായ ഇക്കാർഡി അർജൻ്റീനക്കാരനായ ഹിഗ്വയിന് ഏറെക്കുറേ പാരയാകുമെന്ന് സാരം!

By
ഗഫൂർ ജെറി

Leave a comment