കരൺജിത് സിംഗുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്
ഗോൾ കീപ്പർ കരൺജിത് സിംഗുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. അടുത്ത വർഷം വരെയാണ് താരത്തിന്റെ കരാർ ക്ലബ് നീട്ടിയത്. പരിക്കേറ്റ അൽബീനോ ഗോമെസിന് പകരമായിട്ടാണ് മഞ്ഞപ്പട കഴിഞ്ഞ വർഷം കരൺജിതിനെ ടീമിലെത്തിക്കുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ സന്തോഷം. തന്റെ അനുഭവ സമ്പത്തിലൂടെ നേടിയ അറിവുകൾ എന്റെ സഹകളിക്കാർക്ക് പകർന്നുനൽകാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നുവെന്ന് കരാർ പുതുക്കിയതിനു ശേഷം കരൺജിത് സിംഗ് പ്രതികരിച്ചു. 2015 മുതൽ 2019 വരെ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമായിരുന്നു കരൺജിത് സിംഗ്.
2015-ലും 2017‐18ലും ഐഎസ്‌എൽ കിരീടം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2021ൽ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരൺജിത് ബ്ലാസ്‌റ്റേഴ്‌സിൽ എത്തുന്നത്. 17 തവണ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള കരൺജിത് 118 സേവുകൾ നടത്തി. 13 കളിയിൽ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്.






































