പട നയിച്ച് ബട്‌ലറും സഞ്ജുവും, രാജസ്ഥാനെതിരെ ഗുജറാത്തിന് 190 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 190 റൺസിന്റെ വിജയലക്ഷ്യം പടുത്തുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽസിനെ നായകൻ സഞ്ജു സാംസണും ജോസ് ബട്‌ലറും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്.
20 ഓവർ പൂർത്തിയാക്കിയപ്പോൾ രാജസ്ഥാൻ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 188 റൺസ് നേടിയത്. രണ്ടാം ഓവറിൽ തന്നെ യശസ്വി ജയ്‌സ്‌വാളിനെ (3) നഷ്‌ടപ്പെട്ടാണ് റോയൽസ് തുടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു സാംസണും ജോസ് ബട്‌ലറും സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. നിർണായക മത്സരത്തിൽ നായകന്റെ ചുമതല കൃത്യമായി നിർവഹിച്ച സഞ്ജു 26 പന്തിൽ 47 റൺസെടുത്താണ് മടങ്ങിയത്. 10 ഓവറിൽ സായ് കിഷോറാണ് സഞ്ജുവിനെ പുറത്താക്കി ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകിയത്.
ഇതിനു ശേഷം ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും മോശമാക്കാതിരുന്നതോടെ സ്കോറിംഗ് അതിവേഗം കുതിച്ചു. 20 പന്തിൽ പടിക്കൽ 28 റൺസെടുത്താണ് മടങ്ങിയത്. പിന്നാലെ എത്തിയ ഷിമ്രോൺ ഹെറ്റ്മെയർ (4), റിയാൻ പരാഗ് (4) എന്നിവർ നിരാശപ്പെടുത്തായതാണ് രാജസ്ഥാന് 200 കടക്കാനാവാതെ പോയത്. അവസാന ഓവർ വരെ ക്രീസിലുണ്ടായിരുന്ന ബട്‌ലർ 56 പന്തിൽ നിന്നും 89 റൺസാണ് അടിച്ചെടുത്തത്.






































