ഇന്ത്യയുമായുള്ള സൗഹൃദമത്സരത്തിൽ നിന്നും പിൻമാറി സാംബിയ
ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനു മുന്നോടിയായി ഇന്ത്യയുമായി നടക്കാനിരുന്ന സൗഹൃദമത്സരത്തിൽ നിന്നും പിൻമാറി ആഫ്രിക്കൻ ടീമായ സാംബിയ. മത്സരത്തിനായുള്ള സ്ക്വാഡ് ഒരുക്കാനാകില്ല എന്ന കാരണം പറഞ്ഞാണ് ഇവരുടെ പിൻമാറ്റം. ഈ മാസം 25-ന് ഖത്തറിലെ ദോഹയിലാണ് ഇന്ത്യയും സാംബിയയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്.
ദേശീയ ടീമിലുള്ള മിക്കവാറും താരങ്ങളും തങ്ങളുടെ ക്ലബുകൾക്കൊപ്പം സീസണിലെ അവസാന മത്സരങ്ങളിൽ കളിക്കുകയാണ്. ഈ സാഹചര്യത്തിൽ താരങ്ങളെ ദേശീയ ടീം ക്യാമ്പിൽ എത്തിക്കാൻ സാധിക്കില്ല എന്നാണ് സാംബിയൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സാംബിയ പിന്മാറിയ സാഹചര്യത്തിൽ മറ്റൊരു ടീമുമായി സൗഹൃദമത്സരം നടത്താനും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് സാധിക്കില്ല.
ജൂൺ എട്ടിന് കൊൽക്കത്തയിൽ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന റൗണ്ടിനുള്ള ബ്ലൂ ടൈഗേഴ്‌സിന്റെ തയാറെടുപ്പിന്റെ പ്രധാന ഭാഗമായിരുന്നു ഈ മത്സരം. ഇന്ത്യൻ ടീം ഏപ്രിൽ 23 മുതൽ ആദ്യം ബെല്ലാരിയിലും ഇപ്പോൾ കൊൽക്കത്തയിലും ക്യാമ്പിലാണുള്ളത്. ഇവിടെ ഐ-ലീഗിൽ നിന്നുള്ള ഓൾ-സ്റ്റാർ ഇലവിനെതിരെയും പശ്ചിമ ബംഗാളിനെതിരെയും സൗഹൃദ മത്സരം കളിക്കാൻ ഒരുങ്ങുകയാണ്.