ഐപിഎല്ലിൽ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ബാംഗ്ലൂരും പഞ്ചാബും ഇറങ്ങുന്നു
ഐപിഎല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്‌സ് പോരാട്ടം. പ്ലേ ഓഫ് സാധ്യത നിലനിർത്താനാണ് ഇന്നു ഇരുടീമുകളുടെയും ലക്ഷ്യം. അതിനായി എന്തുവില കൊടുത്തും ജയം തന്നെയാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.
പ്ലേഓഫിന് തൊട്ടരികെയാണ് റോയൽ ചലഞ്ചേഴ്‌സ്. രണ്ട് കളിയും ജയിച്ചാൽ അവസാന നാലിൽ സ്ഥാനമുറപ്പിക്കാനാവും ഡുപ്ലെസിക്കും സംഘത്തിനും. അതേസമയം പഞ്ചാബിന്റെ സ്ഥിതിയും ഏതാണ്ട് സമാനമാണ്. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ മായങ്ക് അഗർവാളിനും കൂട്ടർക്കും പ്ലേഓഫിലെത്താനാവൂ.
ബാറ്റിംഗ് തന്നെയാണ് ബാംഗ്ലൂരിന്റെയും പഞ്ചാബിന്റെയും കരുത്ത്. സീസണിൽ ഫോമില്ലാതെ വലയുന്ന സൂപ്പർ താരം വിരാട് കോലി ടീമിന് വലിയ സമ്മർദം നൽകുന്നുണ്ട്. മൂന്ന് ഗോൾഡൻ ഡക്കുമായാണ് കോലി ഈ മത്സരത്തിനിറങ്ങുന്നത്. ആയതിനാൽ നായകൻ ഫാഫ് ഡുപ്ലെസി,രജത് പഠീദാർ,ഗ്ലെൻ മാക്സ്‍വെൽ, ഷഹബാസ് അഹമ്മദ് ,ദിനേശ് കാർത്തിക് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ മുഴുവൻ.
ബോളിംഗ് നിര അത്ര ഫോമിലല്ലെങ്കിലും ഹേസൽവുഡ്,സിറാജ്,ഹസരങ്ക,ഹർഷൽ പട്ടേൽ എന്നിവരെ എതിരാളികൾ ഭയക്കണം. മറുവശത്ത് പഞ്ചാബ് കിംഗ്‌സ് ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ ഓപ്പണിംഗ് സഖ്യത്തിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. പിന്നാലെ ഭാനുക രജപക്സ, മായങ്ക് അഗർവാൾ,ജിതേഷ് ശർമ ലിയാം ലിവിങ്സ്റ്റൺ എന്നിവർ കൂടി ചേരുമ്പോൾ സ്കോറിംഗിൽ വലിയ സമ്മർദമില്ല.
കാഗിസോ റബാഡ,അർഷ്ദീപ് സിംഗ്, റിഷി ധവാൻ,സന്ദീപ് ശർമ, ദീപക് ചഹർ എന്നിവരുൾപ്പെട്ട ബോളിംഗ് നിരയിലും സന്തുലിതമാണ്. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.