മുംബൈ ബോളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ
മുംബൈ ഇന്ത്യൻസ് ബോളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെയെ മുംബൈ 97 റൺസിന് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 33 പന്തിൽ 36 റൺസെടുത്ത് പുറത്താവാതെ നിന്ന നായകൻ എംഎസ് ധോണി മാത്രമാണ് പിടിച്ചു നിന്നത്.
തുടക്കം മുതലെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീണുടയുന്നതാണ് ഇന്നത്തെ മത്സരത്തിൽ കാണായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഡെവൺ കോൺവേ റണ്ണൊന്നുമെടുക്കാതെ തന്നെ കൂടാരം കയറി. പവര്‍ കട്ട് മൂലം വാംഖഡെ സ്റ്റേഡിയത്തില്‍ കറന്‍റ് ഇല്ലാതിരുന്നതിനാല്‍ ഡിആര്‍എസ് സംവിധാനം തുടക്കത്തില്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ചെന്നൈക്ക് തിരിച്ചടിയായത്. മൂന്നാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ ജസ്പ്രീത് ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡിആര്‍എസ് ഇല്ലാതിരുന്നതിനാല്‍ ഉത്തപ്പക്കും റിവ്യൂ എടുക്കാനായില്ല.
റണ്ണൊന്നുമെടുക്കാതെ മൊയിൻ അലി, 10 റൺസുമായി മടങ്ങിയ അമ്പാട്ടി റായുഡു എന്നിവരും കൂടി നിരാശപ്പെടുത്തിയതോടെ ഉത്തരവാദിത്തം നായകൻ ധോണിയുടെ തലയിലായി. എന്നാൽ താരത്തിന് ആരും പിന്തുണ നൽകാതിരുന്നതോടെ സിഎസ്കെ 97 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
മുംബൈ ഇന്ത്യൻസിനായി ഡാനിയൽ സാംസ് മൂന്നു വിക്കറ്റ് നേടിയപ്പോൾ റിലേ മെറിഡിത്ത്, കുമാർ കാർത്തികേയ എന്നിവർ രണ്ടും വിക്കറ്റുകൾ നേടി. ജസ്പ്രീത് ബുംറ രമൺദീപ് സിംഗ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.