ദേശീയ കുപ്പായം അഴിക്കുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയൻ പ്രതിരോധ താരം ജോർജിയോ കെല്ലിനി
വെംബ്ലി സ്റ്റേഡിയത്തിൽ അർജന്റീനയ്ക്കെതിരായ ഫൈനലിസിമയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് അറിയിച്ച് ഇറ്റാലിയൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോർജിയോ കെല്ലിനി. കഴിഞ്ഞ പതിറ്റാണ്ടിൽ ഇറ്റലിയുടെ പ്രതിരോധ കോട്ടയുടെ പടനായകനായിരുന്ന കെല്ലിനി അസൂറി പടയെ 2020 യൂഫോ കപ്പ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ്.
37-ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം എത്തിയിരിക്കുന്നത്. 2022 ഖത്തർ ലോകകപ്പിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്ന താരം തുടർച്ചയായ രണ്ടാം ലോകകപ്പിലും സാന്നിധ്യമറിയിക്കാതെയാണ് മടങ്ങുന്നത്.
തിങ്കളാഴ്ച്ച സീരി എയിൽ സസുവോളോയ്ക്കെതിരായ 2-1 വിജയത്തെ തുടർന്നാണ് യുവെന്റസ് നായകൻ ഇറ്റാലിയൻ കുപ്പായത്തിൽ നിന്നും വിടവാങ്ങുന്ന കാര്യം അറിയിച്ചത്. എന്നാൽ ഈ സീസൺ അവസാനത്തോടെ അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് കൂടുമാറ്റം നടത്താനും കെല്ലിനി തയാറായിട്ടുണ്ട്.
20 വയസുള്ളപ്പോൾ 2004-ൽ ആണ് ജോർജിയോ കെല്ലിനി ആദ്യമായി ഇറ്റാലിയൻ ദേശീയ ടീമിന്റെ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം രണ്ട് ദശാബ്ദക്കാലത്തെ കരിയറിൽ, ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച നാലാമത്തെ ഇറ്റാലിയൻ കളിക്കാരനായും അദ്ദേഹം മാറിയിട്ടുണ്ട്.






































