എട്ടിലും കഷ്ട ദ്രുമയോഗം പിന്തുടർന്ന് മുംബൈ
മുംബൈ ഇന്ത്യൻസിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?.ഈ സീസണിൽ കളിച്ച 8 കളികളിലും എട്ടുനിലയിൽ പൊട്ടുന്നതാണ്കാണാൻ കഴിഞ്ഞത്.ഇന്ത്യയിലെ അതിസമ്പന്നൻമാരിൽ ഒരാളായ മുകേഷ് അംബാനിയുടെ സ്വന്തം ടീമായ മുംബൈയ്ക്ക് ഇത് എന്തിൻറെ കുറവാണെന്ന് നാം ചിന്തിച്ചേക്കാം.പക്ഷേ കളിക്കളത്തിൽ കീശയുടെ വലുപ്പത്തിന് വലിയ പ്രാധാന്യമില്ല എന്നതാണ് സത്യം.മുംബൈ ഇത്തവണ ഏറെ പ്രതീക്ഷയോടെ കളത്തിലിറക്കിയ പല പടക്കങ്ങളും നനഞ്ഞ പടക്കങ്ങൾ ആയതാണ് അവരെ വലയ്ക്കുന്നത്.15 കോടിയിലേറെ രൂപ മുടക്കി വാങ്ങിയ ഇഷാൻ കിഷൻ കളി മറന്ന് ഈ കാശ് എല്ലാം താനെന്തു ചെയ്യും എന്ന അന്വേഷണത്തിൽ ആണെന്ന് തോന്നുന്നു.മറ്റൊരു മഹാരഥൻ ബാറ്റ്മാൻനെ പോലെയും സൂപ്പർമാനെ പോലെയും സൂപ്പർതാര പരിവേഷമുള്ള ഹിറ്റ്മാൻ ആണ് .ഹിറ്റ് എല്ലാം ഹിറ്റ്മാന്റെ തലയ്ക്ക് ആണ് ഇപ്പോൾ കിട്ടുന്നത് എന്നാണ് അരമനരഹസ്യം.സ്വതവേ ചൂടനായ ആകാശ് അംബാനിയുടെ നാവിൽ സരസ്വതി വിളയാടിയത് ഒരു മൂന്നു സീസൺമുമ്പ് നമ്മളെല്ലാം അറിഞ്ഞതാണ് (നെറ്റ്ഫ്ലിക്സിന് നന്ദി).ആനയെ മാത്രമല്ല ആനപ്പിണ്ടത്തെയും പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് താരങ്ങൾക്ക് . പൊള്ളാർഡിന്റെ ചീട്ട് കീറിയതാണ് മുംബൈയ്ക്ക് മറ്റൊരു തലവേദന.കണ്ണും പൂട്ടിയുള്ള പൊള്ളാർഡിന്റെ കീറുകൾക്ക് ഇപ്പോൾ പഴയ ശൗര്യമില്ല .പന്ത് ഏറുകാരിൽ പ്രധാനി ബുംറക്ക് പ്രധാന സഹായിയായി നിയമിച്ചിട്ടുള്ളത് നാട്ടുകാരെ ചെണ്ട കൊട്ട് പഠിപ്പിക്കുന്ന വിദഗ്ധ പരിശീലകൻ ഉനദ്കട്ട് ആണ് .അദ്ദേഹത്തിൻറെ ചെണ്ടയിൽ പ്രായാധിക്യത്താൽ താളപ്പിഴ വന്നവർക്ക് പോലും നന്നായി കൊട്ടാവുന്നതാണ് എന്ന് സാക്ഷ്യം പറഞ്ഞിരിക്കുന്നത് ചെന്നൈയിൽ നിന്നുള്ള കാരണവരാണ്.ഇനി മുന്നോട്ടു പോകാനുള്ള വഴി എല്ലാം അടഞ്ഞിരിക്കുന്നതിനാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ദൈവപുത്രനെ കളത്തിൽ ഇറക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.ദൈവപുത്രൻ അന്തിക്രിസ്തു ആകാതിരുന്നാൽ മുംബൈയ്ക്ക് കൊള്ളാം.