എന്തുകൊണ്ട് പാക്കിസ്ഥാൻ കളിക്കാർ ഐപിഎല്ലിൽ കളിക്കുന്നില്ല?
2008 ലെ പ്രഥമ ഐപിഎൽ സീസണിന് ശേഷം ഒരൊറ്റ പാകിസ്താൻ കളിക്കാരൻ പോലും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിട്ടില്ല. അതിനൊരു കാരണമുണ്ട്. ഐപിഎൽ ഇന്ത്യയിൽ ആരംഭിക്കുന്നത് 2008ലാണ്. ഷോയിബ് അക്തർ,ഷഹീദ് അഫ്രീദി, സുഹൈൽ തൻവീർ തുടങ്ങി ഒരുപിടി പാകിസ്താൻ താരങ്ങൾ പ്രഥമ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി അണിനിരന്നു. പാകിസ്താൻ താരങ്ങൾക്ക് ഇന്ത്യയിൽ ഏറെ ആരാധകരുണ്ട് എന്നതാണ് സത്യം. അത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ഐപിഎൽ ഫ്രാഞ്ചൈസികൾ പാകിസ്ഥാൻ കളിക്കാരെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ മത്സരിച്ചു.
എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. 2008 നവംബർ 26, രാജ്യം ഒരുപറ്റം ഭീകരവാദികളുടെ കടന്നുകയറ്റത്തിൽ വിറങ്ങലിച്ച ദിനങ്ങൾ. അജ്മൽ കസബ് അടക്കമുള്ള ഭീകരർ മുംബൈ പട്ടണത്തെ ആകെ ചോരക്കളം ആക്കിയപ്പോൾ അത് ഇന്ത്യ-പാകിസ്താൻ ബന്ധത്തെയാണ് ആകെ പിടിച്ച് ഉലച്ചത്. ക്രിക്കറ്റും രാഷ്ട്രീയവും എന്നും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഹോട്ട് ടോപിക്ക് ആണ്. അതിനാൽ തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ രാഷ്ട്രീയമായി സംഭവിക്കുന്നത് എന്തും അവർക്കിടയിലെ ക്രിക്കറ്റ് ബന്ധത്തെയും സ്വാധീനിക്കുന്നതാണ് ചരിത്രം. 2003-ലെ മൻമോഹൻ സിംഗ് പർവേസ് മുഷറഫ് സമാധാനചർച്ചകൾ 2004ലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിന് വഴിവെച്ചത് അതിനുദാഹരണമാണ്. അതുപോലെതന്നെ രാഷ്ട്രീയബന്ധം മോശമാകുമ്പോൾ ക്രിക്കറ്റ് ബന്ധവും ഉലയുന്നു. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഭീകരതയെ വെച്ചു വാഴിക്കുന്ന പാക് മണ്ണിൽ നിന്നും ഒരൊറ്റ താരം പോലും ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ വരണ്ട എന്ന് ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ബി സി സി ഐയും അതിന് പിന്തുണ നൽകി. അതോടുകൂടി ഐപിഎല്ലിൽ കളിക്കുക എന്ന പാകിസ്താൻ താരങ്ങളുടെ സ്വപ്നങ്ങൾ പൊലിഞ്ഞു. പക്ഷേ ഇതിനെ തുടർന്നുള്ള യഥാർത്ഥ നഷ്ടം സംഭവിച്ചത് ക്രിക്കറ്റിന് ആണ്. ഒരുപിടി പാകിസ്ഥാൻ പ്രതിഭകൾക്ക് ഐപിഎൽ എന്ന മഹാ വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും,അതുവഴി ക്രിക്കറ്റിനെ കൂടുതൽ ആവേശോജ്വലം ആക്കാനും ഉള്ള അവസരമാണ് നഷ്ടമായത്