ഐപിഎല്ലിൽ ഇന്ന് തോറ്റവരുടെ പോരാട്ടം, ലഖ്നൗ ചെന്നൈയെ നേരിടും
ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകൾ ഇന്നു നേർക്കുനേർ ഏറ്റമുട്ടുകയാണ്. ഗുജറാത്ത് ടൈറ്റൻസിനോട് തേൽവിയേറ്റു മടങ്ങിയ ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ ഇന്നത്തെ എതിരാളി പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ ചെന്നൈ സൂപ്പർ കിംഗ്സാണ്.
ഇരു ടീമും ആദ്യ ജയം തേടിയെത്തുമ്പോൾ ഇന്നു മത്സരം പൊടിപാറുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി രുചിച്ചെങ്കിലും ആശ്വസിക്കാൻ പോന്ന പരാജയമാണ് കെഎൽ രാഹുലിനും സംഘത്തിനും ലഭിച്ചത്. ദീപക് ഹൂഡയും ആയുഷ് ബഡോണിയും മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ടീമിന് ആശ്വാസകരമാണ്. പോയ മത്സരത്തിൽ പരാജയപ്പെട്ട മുൻനിര ഇന്നു ഉഷാറായാൽ മത്സരം കൈപ്പിടിയിലാക്കാം. മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ തുടങ്ങിയ വമ്പൻ താരങ്ങൾ കൂടി ടീമിൽ അണിനിരക്കുന്നതോടെ ഏത് എതിരാളിയുടെയും ചങ്കൊന്നിടിച്ചേക്കാം.
മറുവശത്ത് ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള ശ്രമമായിരിക്കും പുതിയ നയകൻ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ ചെന്നൈയുടെ ഭാഗത്തുനിന്നും ഉണ്ടാവുക. ആദ്യ മത്സരം നഷ്ടമായ മൊയിൻ അലിയും ഡ്വെയ്ൻ പ്രിട്ടോറിയസും ചെന്നൈ ടീമിൽ ഇന്ന് ഇടംപിടിച്ചേക്കും. ഡ്വെയ്ൻ ബ്രാവോയുടെ മൂന്ന് വിക്കറ്റ് നേട്ടവും മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എംഎസ് ധോണിയുടെ അർധ സെഞ്ചുറി നേട്ടവുമാണ് ആദ്യ മത്സരത്തിൽ ആശ്വസിക്കാൻ കിട്ടിയ വക. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.






































