ഓവർ നിരക്കിന് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണിന് 12 ലക്ഷം രൂപ പിഴ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകൻ കെയ്ൻ വില്യംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മയ്ക്ക് ശേഷം ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട രണ്ടാമത്തെ താരമാണ് വില്യംസൺ.
ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിൽ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 61 റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്നതും.
ഓവർ റേറ്റ് നിയമങ്ങൾ വളരെ കർശനമായാണ് ഐപിഎല്ലിൽ നടപ്പിലാക്കുന്നത്. ഏതെങ്കിലും ടീമിന്റെ നായകൻ രണ്ടുതവണ കുറ്റം ചെയ്യുന്നതായി കണ്ടെത്തിയാൽ തുക ഇരട്ടിയാക്കും. അതായത് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രണ്ടാമതും കുറ്റം ചുമത്തിയാൽ പിഴ തുക 24 ലക്ഷം ഒടുക്കേണ്ടി വരുമെന്ന് സാരം.
മൂന്നാം തവണയും ഇത് സംഭവിച്ചാൽ 30 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് മാത്രമല്ല നായകനെ ഒരു മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്യും. രണ്ടാമത്തെ കുറ്റം മുതലുള്ള പിഴയും താരങ്ങൾ അടക്കേണ്ടി വരും.






































