ഐപിഎൽ കമന്ററി പാനലിൽ സുരേഷ് റെയ്‌നയും രവി ശാസ്ത്രിയും
ഐപിഎല്ലിന്റെ 15-ാം പതിപ്പിന് മാർച്ച് 26 ശനിയാഴ്‌ച കൊടികയറുകയാണ്. മുൻ പതിപ്പിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റണ്ണറപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ഐപിഎല്ലിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തുവരുമ്പോൾ സംപ്രേക്ഷണാവകാശമുള്ള ഡിസ്‌നി സ്റ്റാർ നെറ്റ്‌വർക്കുകൾ 80 കമന്റേറ്റർമാരുടെ ഒരു സ്റ്റാർ സ്റ്റഡഡ് ലിസ്റ്റ് പ്രഖ്യാപിച്ചരിക്കുകയാണ്.
ഏഴ് വർഷത്തിന് ശേഷം ആദ്യമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി കമന്റേറ്ററുടെ പാനലിൽ എത്തുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. തത്സമയ മത്സരങ്ങളിലെ ശാസ്‌ത്രിയുടെ ശബ്‌ദത്തിന് ഏറെ ആരാധകരുണ്ടുതാനും.
അതേസമയം ഐപിഎൽ 2022 മെഗാ ലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന സുരേഷ് റെയ്‌നയും 2022 ഐപിഎല്ലിൽ കമന്റേറ്ററുടെ റോളിൽ എത്തും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, മലയാളം, ബംഗാളി എന്നിങ്ങനെ എട്ട് വ്യത്യസ്ത ഭാഷകളിൽ സംപ്രേക്ഷണം ചെയ്യും.
ഹർഷ ഭോഗ്ലെ, സുനിൽ ഗവാസ്‌കർ, ലക്ഷ്മൺ ശിവരാമകൃഷ്ണൻ, മുരളി കാർത്തിക്, ദീപ് ദാസ്ഗുപ്ത, അഞ്ജും ചോപ്ര, ഇയാൻ ബിഷപ്പ്, അലൻ വിൽക്കിൻസ്, എംബാങ്‌വ, നിക്കോളാസ് നൈറ്റ്, ഡാനി മോറിസൺ, സൈമൺ ഡൗൾ, മാത്യു ഹെയ്ഡൻ, കെവിൻ പീറ്റേഴ്‌സൺ എന്നിവർ കമന്റേറ്ററുടെ റോളിൽ എത്തുമ്പോൾ ഡഗൗട്ടിൽ അനന്ത് ത്യാഗി, നെറോളി മെഡോസ്, സ്കോട്ട് സ്റ്റൈറിസ്, ഗ്രേം സ്വാൻ എന്നിവരുമുണ്ടാകും.






































