സെമിയിൽ ജംഷഡ്‌പൂരിനെ കീഴടക്കി, കാത്തിരുന്ന സ്വപ്‌ന ഫൈനലിലേക്ക് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്‌എൽ ഫുട്ബോളിന്റെ കലാശപ്പോരിന് ടിക്കറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. സെമി ഫൈനലിൽ ഇരുപാദങ്ങളിലുമായി ജംഷഡ്പൂർ എഫ്‌സിയെ 2-1ന് പരാജയപ്പെടുത്തിയാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ മഞ്ഞപ്പട എത്തിയിരിക്കുന്നത്.
ഇന്നു നടന്ന രണ്ടാംപാദ മത്സരത്തിൽ 1-1 ന്റെ സമനില പിടിച്ചാണ് വികുനോവിചിന്റെ ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് ഒരുങ്ങുന്നത്. 18-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെ ലീഡ് എടുത്ത കൊമ്പൻമാർക്ക് കിടിലൻ തുടക്കമാണ് ലഭിച്ചത്. എന്നാൽ രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ജംഷഡ്‌പൂർ ഒപ്പം പിടിച്ചു. 50-ാം മിനിറ്റിൽ പ്രോണയ് ഹൽദറാണ് ഗോൾ നേടിയത്.
പിന്നീട് ജംഷഡ്പൂരിന്റെ ആധിപത്യമാണ് മത്സരത്തിൽ കാണാനായതെങ്കിലും വലകുലുക്കാൻ മാത്രം അവർക്കായില്ല. മഞ്ഞപ്പട ആരാധകരുടെ ആറു വർഷത്തെ കാത്തിരിപ്പായിരുന്നു ഫൈനലെന്ന സ്വപ്നം. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.






































