ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്നു നേർക്കുനേർ
യൂവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ-ക്വാർട്ടറിലെ രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യപാദത്തിൽ സമനിലയായി പരിഞ്ഞതോടെ ഇന്നത്തെ കളിയിൽ ജയിച്ച് ക്വാർട്ടർ ഫൈനലിൽ കടക്കാനാവും ഇരുടീമുകളും ശ്രമിക്കുക..
പോയ മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പറിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് യുണൈറ്റഡ് ഇന്ന് അത്‌ലറ്റിക്കോയ്ക്കെതിരെ ഇറങ്ങുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി ഫോമിലേക്ക് തിരിച്ചെത്തിയതും ചുവന്ന ചെകുത്താൻമാർക്ക് ആശ്വാസമേകുന്നുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാകും ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാന താരമെന്ന് റാൾഫ് റാങ്‌നിക് വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് കളിക്കാൻ ഏറെ ഇഷ്‌ടമുള്ള എതിരാളികളാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. എന്നാൽ കഴിഞ്ഞ ആദ്യപാദ മത്സരത്തിൽ അത്ര കാര്യമായ പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്കോ യുണൈറ്റഡിനോ സാധിച്ചിരുന്നില്ല.
അവസാന മിനിറ്റിൽ യുവതാരം ആന്റണി എലാംഗ നേടിയ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലപിടിച്ചത്. എതിരാളികൾ അത്ര മോശക്കാരെല്ലെന്ന് അറിയാം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഡീഗോ സിമയേണിയുടെ ടീം തോൽവിയറിഞ്ഞിട്ടില്ല. ലൂയിസ് സുവാരസ്, അന്റോണിയോ ഗ്രീസ്‌മാൻ, ജോ ഫെലിക്‌സ് എന്നിവരെ അണിനിരത്തിയാകും ആക്രമണത്തിന് മൂർച്ചകൂട്ടുക. മത്സരം ഇന്നു രാത്രി 1.30ന് കാണാം.






































