ലങ്കൻ ഇതിഹാസം ലസിത് മലിംഗയെ ബോളിംഗ് പരിശീലകനായി നിയമിച്ച് രാജസ്ഥാൻ റോയൽസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബോളിംഗ് പരിശീലകനായി മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയെ നിയമിച്ചു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ മലിംഗ കളിക്കളത്തിൽ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു.
അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ സുപ്രധാന താരം കൂടിയായിരുന്നു മലിംഗ. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന ബഹുമതിക്ക് ഉടമ കൂടിയാണ് മലിംഗ. കഴിഞ്ഞ വർഷമായിരുന്നു താരം കളിയിൽ നിന്ന് വിരമിച്ചത്.
2009 മുതൽ 2019 വരെ ഐപിഎല്ലിൽ കളിച്ച ഈ വലം കൈയ്യൻ സ്റ്റാർ പേസർ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് ലീഗിൽ നേടിയത്. പരിശീലക വേഷത്തിൽ ഐപിഎല്ലിൽ മലിംഗയുടെ ആദ്യ ദൗത്യമാകും രാജസ്ഥാൻ റോയൽസിനൊപ്പമുള്ളത്. അടുത്തിടെ ഓസ്ട്രേലിയയിൽ നടന്ന ടി20 പരമ്പരയിൽ ശ്രീലങ്കയുടെ ബോളിംഗ് സ്ട്രാറ്റജി പരിശീലകനായി താരം പ്രവർത്തിച്ചിട്ടുണ്ട്.






































