പ്രീമിയർ ലീഗിൽ ചെൽസി ഇന്ന് ബേൺലിക്കെതിരെ ഇറങ്ങും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ഇന്ന് ബേൺലിക്കെതിരെ ഇറങ്ങും. അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പോയ കുറച്ച് മത്സരങ്ങളിൽ തങ്ങളുടെ പോരാട്ട വീര്യം ലീഗിലെ പലർക്കും കാട്ടികൊടുത്ത കരുത്തുമായാണ് സ്വന്തം തട്ടകമായ ടർഫ് മൂറിൽ ബേൺലി ഇറങ്ങുന്നത്.
അതേസമയം മറുവശത്ത് എഫ്എ കപ്പിലെ മിന്നും ജയവുമായാണ് ചെൽസി ഇന്നിറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഗോളടിക്കാൻ വിഷമിക്കുന്ന നീലപ്പടയെയാണ് പോയ ചില മത്സരങ്ങളിൽ കാണാനായത്. എന്നാൽ പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയത് പരിശീലകൻ തോമസ് ടുഹേലിന് ആശ്വാസമേകും. എന്നിരുന്നാലും പരിക്കിന്റെ പിടിയിലായിരുന്ന നായകൻ സീസർ അസ്പിലികെറ്റ ഇന്ന് ബേൺലിക്കെതിരെ ഇറങ്ങാൻ സാധ്യതയില്ല.
നിലവിൽ 25 മത്സരങ്ങളിൽ നിന്നായി 50 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്. അതേസമയം അത്രയും തന്നെ കളികളിൽ നിന്നും 21 പോയിന്റുമായി ബേൺലി 18-ാം സ്ഥാനത്ത് തരംതാഴ്ത്തൽ ഭീഷണിയിലാണ്. ഇന്നത്തെ കളിയിൽ ചെൽസിയെ അട്ടിമറിക്കാനായാൽ റെലഗേഷൻ സോണിൽ നിന്നും അവർക്ക് പുറത്ത് കടന്ന് മുന്നേറാം.






































