Cricket IPL Top News

ഐപിഎൽ: വേദികളെ സംബന്ധിച്ച് തീരുമാനമായതായി സൂചന

February 23, 2022

author:

ഐപിഎൽ: വേദികളെ സംബന്ധിച്ച് തീരുമാനമായതായി സൂചന

ഐപിഎൽ നടക്കേണ്ട വേദികളെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് മഹാരാഷ്ട്രയിൽ നാല് വേദികളിലായി നടക്കാനാണ് സാധ്യത. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബൺ സ്റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം, പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നിവയാണ് ലീഗ് ഗെയിമുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് സ്റ്റേഡിയങ്ങൾ.

55 ലീഗ് മത്സരങ്ങൾ മുംബൈയിലും 15 എണ്ണം പൂനെയിലുമായാകും നടക്കുകയെന്നാണ് ആദ്യ റിപ്പോർട്ടുകൾ. എല്ലാ ടീമുകളും വാങ്കഡെയിലും ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും നാല് മത്സരങ്ങൾ വീതം കളിക്കുമ്പോൾ ബ്രാബൺ, എംസിഎ സ്റ്റേഡിയം ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ വീതമാണ് ആതിഥേയത്വം വഹിക്കുന്നത്.

2022 ഐപിഎൽ സീസണിന്റെ ആരംഭ തീയതിയായി രണ്ട് വ്യത്യസ്ത തീയതികളാണ് ഇപ്പോൾ പരിഗണിച്ചു വരുന്നത്. മാർച്ച് 26 മുതൽ ടൂർണമെന്റ് ആരംഭിക്കാനാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാറിന് താത്പര്യം. എന്നാൽ മാർച്ച് 27-ന് ആരംഭിക്കുന്ന കാര്യവും ബിസിസിഐ പരിഗണിച്ചു വരികയാണ്. എന്തായാലും ടൂർണമെന്റ് മെയ് 29ന് സമാപിക്കാനാണ് സാധ്യത.

ഫെബ്രുവരി 24 ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം ചേരുമ്പോൾ പ്ലേഓഫ് ഘട്ടത്തിനുള്ള വേദികൾ ഇതുവരെ അന്തിമമായിട്ടില്ല. നിലവിലുള്ള പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഐപിഎൽ ചുരുങ്ങിയ വേദികളിൽ നടത്താൻ തീരുമാനമായിരിക്കുന്നത്. കോവിഡ് കേസുകളുടെ വർധനവ് കാരണം 2021-ലെ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം യുഎഇയിലേക്ക് മാറ്റേണ്ടി വന്നിരുന്നു.

Leave a comment