പരിശീലകൻ നാഗെൽസ്‌മാന്റെ തന്ത്രങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ലെവൻഡോവ്‌സ്‌കി
ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയന്‍ നാഗെൽസ്‌മാന്റെ തന്ത്രങ്ങളിൽ അതൃപ്‌തനായി സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി. ബയേൺ ഇൻസൈഡറും ബിൽഡ് ജേണലിസ്റ്റുമായ ക്രിസ്റ്റ്യൻ ഫോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
അടുത്തിടെ നടന്ന മത്സരങ്ങളിൽ പരിശീലകൻ നാഗെൽസ്‌മാൻ അഞ്ച് അറ്റാക്കിംഗ് താരങ്ങളെ ഒരേ സമയം കളിപ്പിച്ചതാണ് ലെവൻഡോവ്‌സ്‌കിയെ ചൊടിപ്പിച്ചിരിക്കുന്നത്. നാഗെൽസ്‌മാന്റെ ഈ കളി ശൈലി ലെവൻഡോവ്‌സ്‌കിയുടെ ഗോൾ സ്‌കോറിംഗ് സാഹചര്യങ്ങൾക്ക് തിരിച്ചടിയായതാണ് താരം കരുതുന്നത്.
എന്നിരുന്നാലും ടീമിന്റെ തന്ത്രങ്ങളിൽ പോളിഷ് സ്‌ട്രൈക്കർ ആശങ്ക പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ലെന്നതും ശ്രദ്ധേയമാണ്. 2021 നവംബറിൽ ലെവൻഡോവ്‌സ്‌കി ഈയിടെ ബയേണിൽ തനിക്ക് ഒരു ഗോൾ സാഹചര്യമോ ഫീൽഡിൽ വേണ്ടത്ര ഇടംകണ്ടെത്താനാവുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഈ ആശങ്കകൾക്കിടയിലും ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ബയേണിനായി 32 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയ ലെവൻഡോവ്സ്‌കി അപാര ഫോമിലാണ് നിലവിലുള്ളത്. ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗ്രൂതർ ഫർത്തിനെ 4-1 ന് പരാജയപ്പെടുത്തിയപ്പോൾ റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരട്ട ഗോളുകൾ നേടി ബയേൺ മ്യൂണിക്കിനെ ബുണ്ടസ്‌ലിഗ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചു.