ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ബയേൺ മ്യൂണിക് സാൽസ്ബർഗ് പോരാട്ടം
ബയേൺ മ്യൂണിക് എതിരെ നിൽക്കുന്നുവെന്നു കേട്ടാൽ ഏതുടീമിനും ഒരു ഭയം ഇന്നുണ്ടാവും. ഇതേ ഭയത്തോടെയാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ റെഡ് ബുൾ സാൽസ്ബർഗ് ഇന്ന് ജർമൻ ടീമിനെ നേരിടാൻ ഇറങ്ങുക.
പക്ഷേ ഫുട്ബോളാണ് അട്ടിമറികൾ ഉണ്ടാകും, മൈതാനത്ത് പ്രവചനങ്ങൾക്കും കാര്യമായ സ്ഥാനമില്ല. ബുണ്ടസ് ലീഗയിൽ ബോക്കമിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ബയേൺ ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ടീമിനെതിരെ ഇറങ്ങുന്നത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ഓസ്ട്രിയൻ ടീമായാണ് സാൽസ്ബർഗ് എത്തുന്നത് എന്ന ആത്മവിശ്വാസവും ബയേണിനെതിരെ പുറത്തെടുക്കാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളികളിലും വിജയച്ചാണ് ജർമൻ ചാമ്പ്യൻമാർ എത്തുന്നത്.
എന്നാൽ ടീമിലെ ചില പ്രമുഖരില്ലാതെയാണ് ബയേൺ മ്യൂണിക് ഇന്ന് റെഡ് ബുൾ സാൽസ്ബർഗിനെ നേരിടാൻ ഇറങ്ങുക. ഗോൾകീപ്പർ മാനുവൽ ന്യൂയർ വലത് കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് ആഴ്ചകളോളമായി ടീമിന് പുറത്താണ്. അതേസമയം അൽഫോൻസോ ഡേവീസ് കൊവിഡുമായി ബന്ധപ്പെട്ട ഹൃദ്രോഗവുമായി മാറിനിൽക്കുന്നു.
ജർമൻ മിഡ്ഫീൽഡർ ലിയോൺ ഗൊറെറ്റ്സ്കയും കാൽമുട്ടിനേറ്റ പ്രശ്നത്തെ തുടർന്ന് ടീമിലിൽ ഇടംനേടിയിട്ടില്ല. എന്നിരുന്നാലും റോബർട്ട് ലെവൻഡോസ്കിയും കൂട്ടരും ടീമിന് വിജയം സമ്മാനിക്കുമെന്നാണ് കോച്ച് ജൂലിയൻ നാഗെൽസ്മാന്റെ വിശ്വാസം.