ശ്രേയസ് അയ്യരെ നായകനാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ശ്രേയസ് അയ്യരെ നായകനായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല്‍ മെഗാ താരലേലത്തില്‍ 12.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ക്യാപ്റ്റനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കെകെആർ ടീമിലെത്തിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി സേവനമനുഷ്ഠിച്ചതും ടൂർണമെന്റിലെ നായക സ്ഥാനത്തേക്ക് എത്താനുള്ള യോഗ്യതയ്ക്ക് അടിവരയിടുകയും ചെയ്യുന്നു.
ഐപിഎൽ 2020 എഡിഷനിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഡല്‍ഹി ഫൈനല്‍ കളിച്ചത്. പോയ സീസൺ തുടക്കത്തിൽ പരിക്കേറ്റ് പിൻമാറിയതോടെയാണ് റിഷഭ് പന്തിനെ ഡൽഹി നായകനാക്കിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ നായകൻമാരായിരുന്ന ദിനേഷ് കാർത്തികിനെയും ഓയിൻ മോർഗനെയും ടീം ലേലത്തിൽ കൈവിട്ടിരുന്നു. കെകെആറിന്റെ ആറാമത്തെ ക്യാപ്റ്റനാണ് ശ്രേയസ്. രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായിട്ടുള്ള ടീമിന് ഇതൊരു പുതിയ തുടക്കമാകുമെന്നും ശ്രേയസുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ടീമിന്റെ പരിശീലകൻ ബ്രണ്ടൻ മക്കല്ലം പറഞ്ഞു.