ഐപിഎൽ മെഗാ ലേലം, കാശുവാരി ശ്രേയസ് അയ്യർ കൊൽക്കത്തയിലേക്ക്
ഐപിഎൽ മെഗാ ലേലത്തിൽ ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 12.25 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാന്റെ ടീം റാഞ്ചിയത്.
ശ്രേയസിനായി നിരവധി ഫ്രാഞ്ചൈസികളാണ് ലേലം വിളിച്ചത്. എന്നാൽ ലേല തുക ആറു കോടി കഴിഞ്ഞപ്പോള്‍ പോരാട്ടം ഡല്‍ഹിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ ആയി ചുരുങ്ങി. തുടക്കം മുതല്‍ താരത്തിന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്ത് ഉണ്ടായിരുന്നെങ്കിലും കൊൽക്കത്ത വിളിച്ച തുകയ്ക്ക് മുകളിൽ വിളിക്കാൻ തയാറാകാത്തതോടെയാണ് ഇന്ത്യൻ താരം കെകെആറിലേക്ക് ചേക്കേറുന്നത്.
ദീർഘ നാളായി ഡൽഹി ക്യാപ്പിറ്റൽസിന്റെ വിശ്വസ്‌തനായ ബാറ്റ്സ്മാനായിരുന്നു അയ്യർ. ലഖ്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്.
മുംബൈയുടെ ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോൾ 8.25 കോടി കോടിക്ക് ശിഖര്‍ ധവാനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചു. അതേസമയം രവിചന്ദ്ര അശ്വിനെ 5 കോടിക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ചു.